സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങള്‍ക്ക് കൈമാറുന്ന സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍

arrest

കൊച്ചി സിറ്റി സൈബര്‍ പോലീസും സൈബര്‍ ഡോമും സംയുക്തമായി നടത്തിയ സൈബര്‍ പട്രോളിംഗിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ച് തട്ടിപ്പ് സംഘങ്ങള്‍ക്ക് കൈമാറുന്ന വന്‍ മാഫിയാ സംഘത്തിലെ പ്രധാന കണ്ണികളായ മൂന്ന് പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി സൈബര്‍ പോലീസും സൈബര്‍ ഡോമും സംയുക്തമായി നടത്തിയ സൈബര്‍ പട്രോളിംഗിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.


വിപിന്‍ വിന്‍സെന്റ് (32, പള്ളുരുത്തി), അജിത് വര്‍ഗീസ് (27, കുമ്പളങ്ങി), മുഹമ്മദ് റോഷന്‍ (26, പാലക്കാട്) എന്നിവരാണ് അറസ്റ്റിലായത്. ബാങ്ക് അക്കൗണ്ട് നല്‍കിയാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റുള്ളവരെ പ്രലോഭിപ്പിച്ച് അവരുടെ പാസ് ബുക്കുകള്‍, എ.ടി.എം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പുകാര്‍ക്ക് കൈമാറുന്ന ഇടനിലക്കാരാണ് ഇവര്‍. വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് പ്രതികള്‍ പരസ്പരം ആശയവിനിമയം നടത്തിയിരുന്നത്. എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ബാങ്ക് അക്കൗണ്ടുകള്‍ കൈമാറുന്നതിനിടെ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

അറസ്റ്റിലായ വിപിന്‍ വിന്‍സെന്റിനെതിരെ കൂത്താട്ടുകുളം, അരൂര്‍ പോലീസ് സ്റ്റേഷനുകളിലും, അജിത് വര്‍ഗീസിനെതിരെ വീയപുരം പോലീസ് സ്റ്റേഷനിലും സമാന കുറ്റകൃത്യങ്ങള്‍ക്ക് കേസുകള്‍ നിലവിലുണ്ട്. ഇവര്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലുള്ള കേസുകളും പോലീസ് അന്വേഷിച്ചു വരികയാണ്.

Tags