മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ വിസ്മയ 2026 സമ്മർ ക്യാമ്പിന് സമാപനം

The free Vismaya 2026 Summer Camp, launched by Mata Amritanandamayi Math, concludes

  കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃത സർവ്വകലാശാല 9 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സൗജന്യ സമ്മർ ക്യാമ്പ് 'വിസ്മയ' 2026 സമാപിച്ചു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ മെയ് ഒന്ന് മുതൽ അഞ്ച് വരെ സംഘടിപ്പിച്ച സഹവാസക്യാമ്പിന്റെ സമാപന സമ്മേളനം മാതാ അമൃതാനന്ദമയി മഠം മൗറീഷ്യസ് മഠാധിപതി സ്വാമിജി യോഗാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം തന്റെ അനുഭവങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. 

അമൃത സ്‌കൂൾ ഓഫ് സ്പിരിച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പാൾ ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, അമൃത സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ. എം നിധീഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ ഫിലിം ഫെസ്റ്റിവൽ, വ്യക്തിത്വ വികസന പരിശീലനം, ക്വിസ്സ് മത്സരം, യോഗ പരിശീലനം, വിവിധ വിഷയങ്ങളിൽ ശില്പശാലകൾ എന്നിവ ഉൾപ്പെടെ നിരവധിയായ പരിപാടികളാണ് അഞ്ചുദിവസത്തെ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചത്.  

എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സമ്മർ ക്യാമ്പിന്റെ അഞ്ചാമത്തെ എഡിഷനാണ് ഇത്തവണ ക്യാമ്പസിൽ നടന്നത്. സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ നിർദേശപ്രകാരം വിജ്ഞാനവും വിനോദവും കോർത്തിണക്കികൊണ്ട് സംഘടിപ്പിച്ച 'വിസ്മയ 2026' ക്യാമ്പിൽ കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ നേരിൽ കാണുകയും സംവദിക്കുകയും ചെയ്തു. കുട്ടികളിലെ  സർഗ്ഗവാസനകളെയും വ്യക്തിത്വത്തെയും ഉണർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികൾക്ക് ശാസ്ത്രപരിചയവും സാംസ്കാരിക മൂല്യങ്ങളും പകർന്നു നൽകാനും പുതിയ കാര്യങ്ങൾ അവർക്ക് പരീക്ഷിച്ചറിയാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഈ വേനലവധിക്കാലത്ത് ലഭിച്ച ഏറ്റവും മികച്ചൊരു അനുഭവമാണ് ഈ സമ്മർക്യാമ്പെന്നും വരും വർഷങ്ങളിലും ഇത്തരം ക്യാമ്പുകളിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു.
 

Tags