ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചു പോയ സംഭവം; നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

mvd

ചട്ടങ്ങള്‍ പാലിക്കാതെയാണ് തച്ചമ്പാറയിലെ ദേശബന്ധു സ്‌കൂളിലെ ബസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എംവിഡി പറയുന്നു

പാലക്കാട് മണ്ണാര്‍ക്കാട് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഡോര്‍ തെറിച്ചു പോയ സംഭവത്തില്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്. ക്രമക്കേടുകള്‍ കണ്ടെത്തിയ എട്ടോളം വാഹനങ്ങള്‍ക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തിയതായി മണ്ണാര്‍ക്കാട് മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍ പിഎം രവികുമാര്‍ അറിയിച്ചു. ചട്ടങ്ങള്‍ പാലിക്കാതെയാണ് തച്ചമ്പാറയിലെ ദേശബന്ധു സ്‌കൂളിലെ ബസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എംവിഡി പറയുന്നു. സ്‌കൂള്‍ ബസുകള്‍ക്ക് പെര്‍മിറ്റും ഇന്‍ഷുറന്‍സും ഫിറ്റ്‌നെസും ഇല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

ഇന്നലെ രാവിലെയായിരുന്നു മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസ്സിന്റെ ഡോര്‍ തെറിച്ച് വീണത്. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന കഴിഞ്ഞു രണ്ടാഴ്ച തികയും മുന്‍പാണ് സംഭവം. ഡോര്‍ തെറിച്ചു വീണ സമയത്ത് റോഡിലൂടെ കുട്ടികളോ മറ്റു യാത്രക്കാരോ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. അടിയന്തിരഘട്ടത്തില്‍ മറ്റൊരിടത്ത് നിന്ന് എത്തിച്ച ബസാണിതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഇന്ന് ദേശാബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഴുവന്‍ വാഹനങ്ങളും പരിശോധന നടത്തുമെന്നും എംവിഡി അറിയിച്ചു.

Tags