റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ ഉപകരണം 17 കാരിയുടെ വയറ്റില്‍പോയി; വിരലിട്ട് ശര്‍ദിക്കാന്‍ സ്വകാര്യ ദന്താശുപത്രി
കഴിഞ്ഞ 31-ാം തീയതിയായിരുന്നു സംഭവം. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ അബദ്ധത്തില്‍ വയറ്റിനുള്ളിലേക്ക് പോവുകയായിരുന്നു.
അരുവിക്കരയില്‍ സ്വകാര്യ ദന്താശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ റൂട്ട് കനാല്‍ ഉപകരണം 17കാരിയുടെ വയറ്റിലെത്തി. സംഭവത്തില്‍ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ 31-ാം തീയതിയായിരുന്നു സംഭവം. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ അബദ്ധത്തില്‍ വയറ്റിനുള്ളിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് അരുവിക്കരയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
രക്ഷാകര്‍ത്താക്കളെ വിവരമറിയിക്കാതെ ഇരുചക്രവാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും ദന്താശുപത്രിയിലെ ഡോക്ടര്‍ കുട്ടിയോട് വായില്‍ വിരലിട്ട് ഛര്‍ദിക്കാന്‍ പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.
17 കാരിയുടെ അമ്മയും അരുവിക്കര ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയുമായ സീമ വൈകിട്ട് 4.15-ഓടെയാണ് മകളെ റൂട്ട് കനാല്‍ ചികിത്സയ്ക്കായി ദന്താശുപത്രിയിലെത്തിച്ചത്. പരിചയമുള്ള ഒരു ജീവനക്കാരിയുടെ ചുമതലയില്‍ മകളെ ഏല്‍പിച്ചശേഷം സീമ ബാങ്കിലേക്ക് മടങ്ങി. അരമണിക്കൂറിനുള്ളില്‍ തിരിച്ചെത്തിയപ്പോഴേക്കും കുട്ടി ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് ചികിത്സയ്ക്കിടെ മൂര്‍ച്ചയുള്ള ഉപകരണം കുട്ടിയുടെ വയറ്റിലെത്തിയ വിവരം അറിയുന്നത്.
മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് കുട്ടിയുടെ ആമാശയത്തില്‍ ഉപകരണം തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
.jpg)

