റോഡുകളില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ല ; കെല്‍ട്രോണ്‍

സേഫ് കേരള പദ്ധതി പ്രകാരം റോഡുകളില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ വില വെളിപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കി കെല്‍ട്രോണ്‍. കമ്പനിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമാകുന്ന വ്യാപാര രഹസ്യങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍, ക്യാമറയുടെ വിലവിവരം വെളിപ്പെടുത്താനാകില്ലെന്നാണ് കെല്‍ട്രോണ്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയിട്ടുള്ളത്.
നേരത്തെ, ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപ വിലയാണെന്ന് കെല്‍ട്രോണ്‍ സിഎംഡി എന്‍ നാരായണ മൂര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍, ക്യാമറകളുടെ വിലയില്‍ രഹസ്യസ്വഭാവം ഇല്ലെന്നിരിക്കെയാണ് വില വെളിപ്പെടുത്താനാകില്ലെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കിയത്.
വ്യാപാര രഹസ്യങ്ങളുള്ള കരാറാണെന്ന് ചൂണ്ടിക്കാട്ടി റോഡുകളില്‍ സ്ഥാപിച്ച എഐ ക്യാമറ സംബന്ധിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച ടെക്‌നോ കൊമേഷ്യല്‍ പ്രെപ്പോസല്‍ പുറത്തുവിടാനും കെല്‍ട്രോണ്‍ തയ്യാറായിട്ടില്ല.