ലീഗും കോൺഗ്രസും ചേർന്നുണ്ടാക്കിയ ഗൂഢാലോചന സിദ്ധാന്തം പൊളിഞ്ഞു; ഷുക്കൂര്‍ വധം ദൗര്‍ഭാഗ്യകരം - പി. ജയരാജൻ
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ കോടതി വിധിയോടെ പൊളിഞ്ഞത് മുസ്ലിം ലീഗും കോൺഗ്രസും ചേർന്ന് രൂപം നൽകിയ ഗൂഢാലോചന സിദ്ധാന്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. അന്നത്തെ ഭരണകക്ഷിയുടെ ആളുകൾ പൊലീസിനെ പാവകളിപ്പിക്കുകയായിരുന്നുവെന്നും ബോധപൂർവം ഗൂഢാലോചന സിദ്ധാന്തം ഇറക്കിയതാണ് ഇപ്പോൾ പൊളിഞ്ഞുവീണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
മാധ്യമങ്ങൾ തെറ്റായ നിലയിലാണ് സംഭവം പെരുപ്പിച്ച് കാട്ടിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അരിയിൽ പ്രദേശത്ത് ലീഗുകാരുടെ ആക്രമണത്തിൽ നിരവധി സിപിഎമ്മുകാർക്ക് പരിക്കേറ്റതിനെ തുടർന്നും സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായതിന്റെ അടിസ്ഥാനത്തിലുമാണ് 2012 ഫെബ്രുവരി 19-ന് സ്ഥലം എംഎൽഎ ടി.വി. രാജേഷിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയിൽ താൻ അവിടെ എത്തിയത്. അരിയിൽ എത്തിയപ്പോൾ തങ്ങൾക്ക് നേരെ ലീഗ് പ്രവർത്തകർ ആക്രമണം നടത്തി. പരിക്കേറ്റ തങ്ങളെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാർ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നും ജയരാജൻ വ്യക്തമാക്കി.
തങ്ങൾ ആശുപത്രിയിൽ കിടക്കുമ്പോഴാണ് ഷുക്കൂർ കൊല്ലപ്പെടുന്ന ദൗഭാഗ്യകരമായ സംഭവമുണ്ടായത്. ഭരണകക്ഷിയുടെ സമ്മർദ്ദത്തിന് വഴങ്ങി കേരള പൊലീസ് ഒരു ഗൂഢാലോചന സിദ്ധാന്തമുണ്ടാക്കുകയും ബോധപൂർവം ഐപിസി 118-ാം വകുപ്പ് പ്രയോഗിക്കുകയുമായിരുന്നു. രാഷ്ട്രീയ നേതാക്കൾക്കെതിരെ ഐപിസി 118-ാം വകുപ്പ് ആദ്യമായി ചുമത്തിയത് ഈ കേസിലാണ്. ആശുപത്രിയിൽ കിടക്കുന്ന തങ്ങൾ ഗൂഢാലോചന നടത്തിയതായി രണ്ട് ലീഗ് പ്രവർത്തകർ കേട്ടെന്ന കള്ള സാക്ഷിമൊഴിയുണ്ടാക്കി.
മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന് സ്വാധീനമുണ്ടായപ്പോൾ അവമതിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഇതിന് കൂട്ടുനിന്ന ഒരു ഐപിഎസ് ഓഫീസർ പിന്നീട് ബിജെപിയിൽ ചേർന്നു. ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ ജഡ്ജി നടത്തിയ മോശം പരാമർശത്തിന്റെ സിപിഎം വിരുദ്ധത ഇപ്പോൾ എല്ലാവർക്കും വ്യക്തമാകും. സിബിഐ അന്വേഷണത്തിലും രാഷ്ട്രീയ ദൗത്യം തുടർന്നു. ലീഗിനകത്തെ സത്യവിശ്വാസികൾ പോലും കള്ളസാക്ഷി പറയാൻ തയ്യാറായില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച ലീഗ് - കോൺഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും പി. ജയരാജൻ ആവശ്യപ്പെട്ടു.
.jpg)

