കുറ്റാരോപിതര്‍ക്ക് കോണ്‍ഗ്രസ് വലിയ രീതിയില്‍ പ്രമോഷന്‍ നല്‍കുകയാണ് ; വിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്

v vaseef

നവകേരള സദസ്സ് കാലത്ത് മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കിയ പൊലീസുകാരെ കുറ്റവാളികളാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു

മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരായ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ് ഐ ടി) അന്വേഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്ത്. നവകേരള സദസ്സ് കാലത്ത് മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കിയ പൊലീസുകാരെ കുറ്റവാളികളാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിലവിലെ സര്‍ക്കാരിന്റെ താത്പര്യം എന്താണെന്ന് ഇതിലൂടെ വ്യക്തമാണെന്നും ആര്‍ എസ് എസ് പശ്ചാത്തലമുള്ളവരെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരായി സര്‍ക്കാര്‍ നിയമിക്കുന്നതെന്നും വസീഫ് കുറ്റപ്പെടുത്തി. 

യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വസീഫ് പറഞ്ഞു. കുറ്റാരോപിതര്‍ക്ക് കോണ്‍ഗ്രസ് വലിയ രീതിയില്‍ പ്രമോഷന്‍ നല്‍കുകയാണ്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ ഡി സി സി അംഗമാക്കിയ നടപടി ഇതിന് തെളിവാണെന്നും വസീഫ് ചൂണ്ടിക്കാട്ടി. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ ഭാവിയില്‍ നിഖില്‍ പൈലിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും വസീഫ് പരിഹസിച്ചു.

Tags