നാടിൻ്റെപ്രാർത്ഥനകൾ വിഫലം; രാജേഷിന്റെയും ഹനീഫയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു
കണ്ണൂർ: മൂന്നാംപക്കവും പിന്നിട്ട് ഒരു പകൽ പുലർന്നപ്പോൾ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് രാജേഷിന്റെയും ഹനീഫയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അതിശക്തമായ മഴയെ തുടർന്നുള്ള കുത്തൊഴുക്കിൽപ്പെട്ട് ശനിയാഴ്ച കാര്യങ്കോട് പുഴയിലെ മീന്തുള്ളിയിൽ കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷ് (36), കാഞ്ഞിരപ്പുഴയിൽ കാണാതായ പേരാവൂർ മണത്തണ കൊട്ടംചുരത്ത് വയൽപ്പീടികയിൽ ഹനീഫ (43) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച ലഭിച്ചത്.
രാവിലെ 10.30 ഓടെയാണ് മണത്തണ വില്ലജ് പരിധിയിൽ കാഞ്ഞിരപ്പുഴ സർവീസ് സ്റ്റേഷനു സമീപം ഹനീഫയുടെ മൃതദേഹം കണ്ടെടുത്തത്. പേരാവൂർ, ഇരിട്ടി, തലശ്ശേരി അഗ്നിശമന സേനാംഗങ്ങൾ, സിവിൽ ഡിഫൻസ്, ആപ്തമിത്ര വളണ്ടിയർമാർ എന്നിവർ പങ്കെടുത്ത തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റിന് ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം കൊട്ടൻചുരം പള്ളി ഖബർസ്ഥാനിൽ മറവു ചെയ്തു.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്യങ്കോട് പുഴയിൽ, ഇടവരമ്പ് ഭാഗത്ത് നിന്ന് രാജേഷിന്റെ മൃതദേഹം കണ്ടെടുത്തത്. രാജേഷിനായി കേരള വനം വകുപ്പ് ചീഫ് കൺസർവേറ്റർ അഭ്യർത്ഥിച്ചതനുസരിച്ചു കർണാടകയിലെ വിരാജ്പേട്ട ഡിവിഷനിൽ വരുന്ന മൺറോത്ത് റേഞ്ചിൽ കർണാടക വനപാലകർ തിരച്ചിൽ തുടങ്ങിയിരുന്നു. കേരള ഭാഗത്ത് കണ്ണൂർ ഡിവിഷൻ, തളിപ്പറമ്പ് റേഞ്ചിലെ വനപാലകരും റാഫ്റ്റിംഗ് സംഘവും അഗ്നിശമന സേനയും തിരച്ചിൽ നടത്തി.
മീന്തുള്ളി നീന്തൽ പരിശീലന കേന്ദ്രത്തിലെ ഇൻസ്‌ട്രക്ടറായ രാജേഷ് ശനിയാഴ്ച രാവിലെ 11.45 ന് മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ 61-കാരനെ രക്ഷിക്കുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ടത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
.jpg)

