തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം

The central government has instructed to cancel the ration cards of families who have not received their ration allocation for six consecutive months.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം വാങ്ങാത്ത  കുടുംബങ്ങളുടെ റേഷൻ കാർഡുകൾ പൂർണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. അടുത്ത മാസം മുതൽ കേന്ദ്ര പദ്ധതിയായ 'സ്മാർട്ട് പിഡിഎസ്' (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്നതോടെ ആറ് ലക്ഷത്തിലധികം റേഷൻ കാർഡുകൾ വെട്ടിമാറ്റപ്പെടാനാണ് സാധ്യത. 

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിൽ വരെ കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതാണ് സ്മാർട്ട് പിഡിഎസ് സംവിധാനം. 2024-ലാണ് കേരളം ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഒരേ വ്യക്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഈ സോഫ്റ്റ്‌വെയർ വഴി എളുപ്പത്തിൽ കണ്ടെത്താനാകും.

സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിലാണ് കേന്ദ്രം കർശന നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി ഒരു തവണ പോലും റേഷൻ വാങ്ങാത്ത 44,279 കുടുംബങ്ങളാണ് മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താകുന്നത്. ഇതിൽ 5,370 അന്ത്യോദയ അന്നയോജന (എഎവൈ - മഞ്ഞ) കാർഡുകളിലായി 6,401 ഗുണഭോക്താക്കളും, 38,909 മുൻഗണനാ (പിഎച്ച്എച്ച് - പിങ്ക്) കാർഡുകളിലായി 60,300 ഗുണഭോക്താക്കളുമുണ്ട്. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട (നീല, വെള്ള, ബ്രൗൺ) 5,62,494 കാർഡുകളാണ് ഇത്തരത്തിൽ ആറ് മാസമായി റേഷൻ വാങ്ങാതെ നിർജ്ജീവമായി കിടക്കുന്നത്. ഇതിൽ എൻപിഎൻഎസ് (വെള്ള) വിഭാഗത്തിൽ 4,33,811 കാർഡുകളും, എൻപിഎസ് (നീല) വിഭാഗത്തിൽ 1,19,166 കാർഡുകളും, എൻപിഐ (ബ്രൗൺ) വിഭാഗത്തിൽ 9,517 സ്ഥാപന കാർഡുകളുമുണ്ട്.

Tags