ജെസ്‌ന ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം ; നിര്‍ദ്ദേശവുമായി ഹൈക്കോടതി
ഹര്‍ജിക്കാരനെതിരായ ചില സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി യു അരുണ്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്. അന്വേഷണവുമായി ഹര്‍ജിക്കാരന്‍ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരണമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരനെതിരായ ചില സാഹചര്യങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും, അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 2018 മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. പിന്നീട് ജെസ്‌നയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ മജിസ്‌ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നിലവിലെ അന്വേഷണം നടക്കുന്നത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി നിരന്തരം വിളിച്ച് വരുത്തി ദ്രോഹിക്കുന്നുവെന്നാണ് അരുണ്‍ ഹര്‍ജിയില്‍ ആരോപിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാ രേഖകളും സിബിഐക്ക് കൈമാറിയതായും ഹര്‍ജിയില്‍ പറയുന്നു. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് സ്വമേധയാ വിധേയനായതായും, കേസിനെ തുടര്‍ന്ന് രണ്ട് തവണ ജോലി നഷ്ടപ്പെട്ടതായും ഗുരുതര മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അന്വേഷണം അനിശ്ചിതകാലം നീട്ടാനാകില്ലെന്നും, ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
.jpg)

