അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയ കേസ് ; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Setback for Anto Augustine; High Court rules bail cannot be granted in the case involving the seizure of excess liquor.

കേസില്‍ അന്വേഷണ സംഘം തുടര്‍നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഭാര്യാമാതാവ് ലില്ലി ജോസ് കല്‍പറ്റ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്നാണ് സൂചന. കേസില്‍ അന്വേഷണ സംഘം തുടര്‍നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തുന്നതിനിടെയാണ് കഴിഞ്ഞ മാസം16-ന് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം എക്‌സൈസ് സംഘം പിടികൂടിയത്.

എന്നാല്‍, വാഴവറ്റയിലെ വീട് തന്റേതല്ലെന്നാണ് ആന്റോ അഗസ്റ്റിന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും വാദിച്ചത്. 2022-ല്‍ ജപ്തി ചെയ്ത ഈ വീട് പിന്നീട് തന്റെ ഭാര്യാമാതാവ് ലില്ലി ജോസ് വാങ്ങിയതാണെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ ലില്ലി ജോസിനെ ചോദ്യം ചെയ്യാന്‍ എക്‌സൈസ് സംഘം തീരുമാനിച്ചു. തുടര്‍ന്ന് നോട്ടിസ് നല്‍കാനായി എക്‌സൈസ് സംഘം ലില്ലിയുടെ സുല്‍ത്താന്‍ ബത്തേരി കോളിയാടുള്ള വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.

Tags