ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസ് ; നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി നാല് പേരെയും സസ്പെന്‍ഡ് ചെയ്തത്.
ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.
എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി നാല് പേരെയും സസ്പെന്‍ഡ് ചെയ്തത്. എസ്ഐ അബ്ദുല്‍ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീര്‍, ഷഫീഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.കൈക്കൂലി വാങ്ങിയ വിവരം പുറത്തു വന്നതോടെ വിജിലന്‍സും പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി.
ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പണം എത്തിയിരിക്കുന്നത് കേരളത്തിലെ ഒരു അക്കൗണ്ടിലാണെന്ന് മനസിലാക്കിയ ഗുജറാത്ത് പൊലീസില്‍ നിന്നുള്ള 2 പേര്‍ ഈ മാസം നാലിന് പെരുമ്പാവൂരിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്നത് കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് വ്യക്തമായതോടെ കണ്ടെത്താന്‍ സ്ഥലത്തെ പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കണ്ടെത്തിയെങ്കിലും അക്കൗണ്ട് തന്റേതാണെങ്കിലും പണം എത്തിയത് തനിക്കല്ലെന്നും അക്കൗണ്ട് ഉടമ പൊലീസിനോട് വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് പണം യാഥാര്‍ത്ഥത്തില്‍ കൈപ്പറ്റിയ ആളെ കണ്ടെത്തി.
കേസ് ഒഴിവാക്കാന്‍ കുറുപ്പംപടി പൊലീസ് ഇടനിലക്കാരായി നിന്ന് പ്രതികളില്‍ നിന്ന് 3.30 ലക്ഷം രൂപ വീതം 6.60 ലക്ഷം രൂപ വാങ്ങിയെന്നും ഇത് വീതം വെച്ചു എന്നുമാണ് കേസ്. ഡിസംബര്‍ അഞ്ചിനാണ് പണം കൈമാറിയത്. വിവരം രഹസ്യമാക്കി വെച്ചെങ്കിലും സ്‌പെഷല്‍ ബ്രാഞ്ച് വിവരമറിയുകയും ഇക്കാര്യത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചു. പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയ ഈ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാലു പേരെയും സസ്പെന്‍ഡ് ചെയ്തത്.
.jpg)


