'മോദി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി, ബിജെപിയുടെ തകര്‍ച്ചയുടെ ആരംഭം'; സിജെപിയുടെ സമരവിജയത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി
നാട്ടിലെ യുവാക്കള്‍ തെളിയിച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വീകരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സിജെപിയുടെ സമരവിജയം മോദി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നും ബിജെപിയുടെ തകര്‍ച്ചയുടെ ആരംഭമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിലെ യുവാക്കള്‍ തെളിയിച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വീകരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വലിയ പ്രക്ഷോഭം ഉരുണ്ടുകൂടി വരുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാരിന് പൂര്‍ണമായി മുട്ടുമടക്കേണ്ടി വന്നത്. ഇപ്പോള്‍ രണ്ടടി പിന്നോട്ടുപോയില്ലെങ്കില്‍ പെട്ടെന്ന് പ്രക്ഷോഭം ഉണ്ടാകുമെന്ന് തോന്നിയപ്പോഴാണ് സമരം ഒത്തുതീര്‍പ്പാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ നാട്ടില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. കര്‍ഷകര്‍ക്ക് പ്രശ്‌നമുണ്ട്, തൊഴിലില്ലായ്മ രൂക്ഷമാണ്, സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്, വിലക്കയറ്റം ഏറ്റവും ഉയര്‍ന്ന നിലയിലാണ്, ഇന്ത്യന്‍ രൂപയുടെ മൂല്യം നിരന്തരം ഇടിയുകയാണ്. ഇതൊക്കെ ജനജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
തീവ്ര ആശയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നയിച്ചാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മൂടിവെക്കാന്‍ കഴിയുമെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും ചിന്തയ്ക്കാണ് തിരിച്ചടി നേരിട്ടത്. ഇതേക്കുറിച്ചു പുതിയ തലമുറ ബോധവാന്മാരാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസം. ജാതിയോ മതമോ പ്രാദേശിക വികാരമോ ഇല്ലാതെ നാട്ടിലെ യുവതീയുവാക്കള്‍ അതിശക്തമായ പ്രതികരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് വിഷയത്തില്‍ എല്‍ഡിഎഫ് പ്രചാരണം തള്ളിപ്പോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
.jpg)

