ചില രാഷ്ട്രീയ നേതാക്കളുടെ സമീപനം വിചിത്രമായി തോന്നി ; തന്റെ ആദ്യ സമ്മേളനാനുഭവങ്ങള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar

സംഭവബഹുലമായ സഭാസമ്മേളനമായിരുന്നുവെങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെ സമീപനമാണ് തനിക്ക് ഏറ്റവും വിചിത്രമായി തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ സമീപനങ്ങളാണ് പ്രധാന കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരള നിയമസഭയിലെ തന്റെ ആദ്യ സമ്മേളനാനുഭവങ്ങള്‍ പങ്കുവെച്ച് സാമൂഹിക മാധ്യമത്തില്‍ നടത്തിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടിയത്. മൂന്ന് തവണ ലോക്‌സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്ന താന്‍ ആദ്യമായി എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് നിയമസഭയില്‍ പ്രവേശിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവബഹുലമായ സഭാസമ്മേളനമായിരുന്നുവെങ്കിലും ചില രാഷ്ട്രീയ നേതാക്കളുടെ സമീപനമാണ് തനിക്ക് ഏറ്റവും വിചിത്രമായി തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകം അതിവേഗം കൃത്രിമ ബുദ്ധിയുടെ (എഐ) യുഗത്തിലേക്ക് മുന്നേറുകയും പുതിയ നിക്ഷേപ-തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും കാലഹരണപ്പെട്ട വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സാമ്പത്തിക ധവളപത്രത്തെ എതിര്‍ക്കുന്ന സിപിഎം നേതാക്കള്‍ സര്‍ക്കാര്‍ രേഖകള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും, വികസനവും നിക്ഷേപവും തൊഴിലവസരങ്ങളും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അനാവശ്യ രാഷ്ട്രീയ വിവാദങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി വിജയിച്ചതിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസും സിപിഎമ്മും തങ്ങള്‍ രാഷ്ട്രീയ സഖ്യത്തിലാണെന്ന യാഥാര്‍ഥ്യവും ജനാധിപത്യത്തില്‍ ജനങ്ങളാണ് വിജയികളെ തീരുമാനിക്കുന്നതെന്ന വസ്തുതയും മറക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനം വിലക്കയറ്റവും സാമ്പത്തിക വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags