പൈതൃകപ്പെരുമ തൊട്ടറിയാം; കേരള ട്രാവൽ മാർട്ടിൽ 'തറവാടിത്ത'വുമായി റെസ്പോൺസിബിൾ ടൂറിസം
കൊച്ചി: കലയും പാരമ്പര്യവും ഇഴചേർന്ന കേരളീയ സാംസ്കാരിക പൈതൃകത്തെ നേരിട്ടറിയാൻ ഒരു തറവാട്. കേരള ട്രാവൽ മാർട്ടിന്റെ പ്രവേശന കവാടത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി ഒരുക്കിയിരിക്കുന്ന പവലിയൻ അത്ഭുത കാഴ്ചകൾക്കൊപ്പം സന്ദർശകരുടെ മനം കവരുകയാണ്. പാരമ്പര്യ കലകളെയും കരകൗശലങ്ങളെയും തൊട്ടറിഞ്ഞ് അനുഭവിക്കാൻ വേദിയൊരുക്കുകയാണ് ഈ പരമ്പരാഗത തറവാട് മാതൃക.
പവലിയനിലേക്ക് കടക്കുന്നവരെ ആദ്യം ആകർഷിക്കുന്നത് പത്തടി ഉയരവും ഏഴടി വീതിയുമുള്ള പടുകൂറ്റൻ തെയ്യത്തിന്റെ മുഖമാണ്. തനിമയാർന്ന കേരളീയ വാസ്തുശൈലിയിലാണ് തറവാട് മാതൃകയിലുള്ള പവലിയൻ നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നാദവിസ്മയം തീർക്കുന്ന ഇടയ്ക്ക വാദനം. കഥകളിയുടെ ചമയങ്ങൾ, വേഷഭൂഷാദികൾ, ചുട്ടികുത്ത് തുടങ്ങിയവയുടെ സവിശേഷ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ തനതു കലകളും സംസ്കാരവും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം മാതൃകയോടാണ് സർക്കാരിനു താത്പര്യമെന്ന് ടൂറിസം-സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഒപ്പം പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുകയും ചെയ്യും. തദ്ദേശീയ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിൽ ഉത്തരവാദ ടൂറിസത്തിനു വലിയ പങ്കുവഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഓരോ തവണയും കെടിഎം തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് ഓസ്ട്രിയയിൽ നിന്നുള്ള സ്ലോവാക്കിയൻ വംശജയായ ഇൻഗ്രിഡ് സാൽനേവ പറഞ്ഞു. ഇത് മൂന്നാം തവണയാണ് കെടിഎമ്മിന് എത്തുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പവലിയനുകൾ അങ്ങേയറ്റം വ്യത്യസ്തവും കേരളീയ കാഴ്ചകളുടെ തനി പകർപ്പുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
ഉത്തരവാദിത്ത ടൂറിസം പവലിയനിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങളാണ് തന്നെ ആകർഷിച്ചതെന്ന് റഷ്യയിൽ നിന്നെത്തിയ അന്ന സ്റ്റെപോനോവ പറഞ്ഞു. കേരളത്തിന്റെ അളവറ്റ സാംസ്ക്കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണിതെന്നും അവർ പറഞ്ഞു.
കേരള ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നയമാണ് ഉത്തരവാദിത്ത ടൂറിസമെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. വാണിജ്യമേഖലയും പ്രാദേശിക സമൂഹവും എങ്ങിനെ പരസ്പരം സഹകരിച്ച് നേട്ടങ്ങൾ കെട്ടിപ്പെടുക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ ഗ്രാമീണ ജീവിതത്തെ കേന്ദ്രീകരിച്ചാണ് പവലിയൻ ഒരുക്കാറുള്ളതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ പറഞ്ഞു. ഇത്തവണ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തിന്റെ സമഗ്ര സാംസ്കാരിക പൈതൃകം അവതരിപ്പിക്കാനാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെയ്യം മുതൽ നെറ്റിപ്പട്ടം വരെയുള്ള നമ്മുടെ തനത് കലകളെ കോർത്തിണക്കിയ പരമ്പരാഗത തറവാടാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കേവലം കാഴ്ചകൾ കണ്ടു മടങ്ങുക എന്നതിനപ്പുറം, കഥകളി മുഖത്തെഴുത്തായാലും ചുവർ ചിത്രമെഴുത്തായാലും സന്ദർശകർക്ക് നേരിട്ട് ഇതിൽ പങ്കെടുത്ത് അനുഭവവേദ്യമാക്കാനും കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒപ്പം പ്രാദേശിക സംരംഭകർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ കഥ പറയൽ ഇടവും ആർടി പവലിയനിൽ സജ്ജമാക്കിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ നിന്നുള്ള അനിൽകുമാർ കളിമൺപാത്ര നിർമ്മാണത്തിന്റെ തത്സമയ അവതരണം നടത്തുകയാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം കേവലം 30 സെക്കൻഡുകൾ കൊണ്ടാണ് മനോഹരമായ പൂപ്പാത്രം രൂപപ്പെടുത്തിയെടുക്കുന്നത്.
വയനാട് സ്വദേശിയായ ഹൃദിക തോമസ് ചെറുപ്പം മുതൽക്കേ ചുവർച്ചിത്ര രചന നടത്തി വരുന്നു. ഔപചാരികമായ കലാവിദ്യാഭ്യാസമില്ലാതെ തന്നെ മികച്ച ചിത്രങ്ങൾ ആവശ്യക്കാർക്ക് വരച്ച് നൽകുന്നതിനോടൊപ്പം ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവർത്തനങ്ങളുമായും സഹകരിക്കുന്നുണ്ടെന്ന് ഹൃദിക പറഞ്ഞു.
കാഴ്ചകൾ കണ്ട് മടങ്ങുക മാത്രമല്ല, ഈ പവലിയന്റെ ഏറ്റവും വലിയ പ്രത്യേകത അത് സന്ദർശകർക്ക് നൽകുന്ന ‘തത്സമയ അനുഭവമാണ്’. കഥകളി ചുട്ടികുത്തിൽ താല്പര്യമുള്ളവർക്ക് സ്വന്തം മുഖത്ത് ചായം തേച്ച് അത് പരീക്ഷിക്കാം. കളിമൺ പാത്രങ്ങൾ മെനഞ്ഞെടുക്കാൻ ചക്രത്തിൽ കൈയൊന്ന് പയറ്റാനും, ചുവർചിത്ര രചനയിൽ ചായക്കൂട്ടുകൾ ചാലിച്ച് വരച്ചുനോക്കാനും ഇവിടെ അവസരമുണ്ട്. ഇതുകൂടാതെ, ടൂറിസം മേഖലയിലുള്ളവർക്ക് സ്വന്തം അനുഭവങ്ങളും കഥകളും പങ്കുവെക്കാനായി പ്രത്യേക സൗകര്യവും പവലിയനിൽ ഒരുക്കിയിട്ടുണ്ട്.
.jpg)

