മൗനാനുവാദം മുതൽ സാമ്പത്തികലാഭം വരെ ; ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചതും സഹായിച്ചതും തന്ത്രി കണ്ഠരർ രാജീവർ , ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടിയുടെ നിർണായക കണ്ടെത്തൽ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ നിര്‍ണായക കണ്ടെത്തലുമായി എസ്‌ഐടി. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സ്‌പോണ്‍സറാക്കി നിയമിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതും കണ്ഠരര് രാജീവരാണെന്ന് എസ്‌ഐടി കണ്ടെത്തി. പോറ്റിക്ക് ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കിയത് എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടായിരുന്നു. പോറ്റി നടത്തിയ ഇടപെടലുകള്‍ക്കെല്ലാം തന്ത്രി മൗനാനുവാദം നല്‍കിയിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് പാളികള്‍ കൊണ്ടുപോയതെന്ന് നേരത്തെ തന്നെ കണ്ഠരര് രാജീവര് അറിഞ്ഞിരുന്നു. എന്നിട്ടും പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ക്കാന്‍ തന്ത്രി ശ്രമിച്ചില്ലെന്നും എസ്ഐടി കണ്ടെത്തി.
2007 മുതലാണ് കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നും എസ്ഐടി അന്വേഷണത്തിൽ വ്യക്തമായി. ബെംഗളൂരുവിലെ ശ്രീറാംപുര ക്ഷേത്രത്തില്‍ നിന്നാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച്ചകള്‍ നടത്തിയിരുന്നു. ദ്വാരപാലക ശില്‍പത്തിന്റെ പാളിയില്‍ ചെമ്പ് തെളിഞ്ഞതിനാല്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോകണമെന്ന കുറിപ്പ് നല്‍കിയതും കണ്ഠരര് രാജീവരാണെന്നും എസ്‌ഐടി കണ്ടെത്തി. 1998-ല്‍ ദ്വാരപാലക ശിൽപത്തിൻ്റെ പാളിയിൽ സ്വര്‍ണം പൊതിഞ്ഞ വിവരം കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് മുരാരി ബാബു ഫയല്‍ നീക്കം നടത്തിയത്. എ പത്മകുമാറും കണ്ഠരര് രാജീവരും ഉണ്ണികൃഷ്ണന്‍ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേത് എന്നും എസ്‌ഐടി കണ്ടെത്തി. സ്വര്‍ണക്കൊള്ള കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് പ്രത്യേക പൂജ സംഘടിപ്പിച്ചിരുന്നു. ആ പൂജ നടത്താനായി പോയത് കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു കണ്ഠരര് രാജീവരിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കണ്ഠരര് രാജീവരര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോർഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാറുടെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.
എന്നാൽ സ്വർണപ്പാളികൾപുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവരര് എസ്ഐടിയോട് വ്യക്തമാക്കിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് അനുമതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു അനുമതി നല്‍കിയത്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ല. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്‌പോണ്‍സര്‍ എന്ന നിലയില്‍ പരിചയം തുടര്‍ന്നെന്നും കണ്ഠരര് രാജീവരര് എസ്ഐടിയോട് വ്യക്തമാക്കിയിരുന്നു.
.jpg)


