കരിങ്കൊടി കാട്ടി നവകേരള സദസിന്റെ ശോഭ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

google news
navakerala pinarayi


കണ്ണൂർ: ഒരു ചെറിയ കരിങ്കൊടി കാട്ടി ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല നവകേരള സദസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ ശോഭ കെടുത്താനുള്ള അജണ്ടയാണ് ഇതിന് പിന്നിലെന്നും ആരും പ്രകോപനത്തിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം നവകേരള സദസ് ഉണ്ടപ്പറമ്പ് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിങ്കൊടി കാണിച്ചവരുടെ ഉദ്ദേശം വേറെയാണ്. തങ്ങൾ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബസിന് മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടി വീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്ത് സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചുവെന്നും കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഗൂഢ അജണ്ടയുമായി വരുന്നവരാണ് പ്രതിഷേധം നടത്തുന്നത്. പ്രകോപനം സൃഷ്ടിക്കലാണ് അവരുടെ ലക്ഷ്യം. ആരും പ്രകോപനത്തിൽ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
 
ജനങ്ങൾ നവകേരള സദസ് ഏറ്റെടുത്തു കഴിഞ്ഞു. ഓരോ പരിപാടികളിലെയും പങ്കാളിത്തം അതാണ് തെളിയിക്കുന്നത്. നാടിൻ്റെ ഭാവി ഉറപ്പു നൽകുന്ന സന്ദേശമായാണ് പരിപാടിയെ ജനങ്ങൾ കാണുന്നത്. ആരോഗ്യകരമായ വളർച്ച കേരളത്തിൽ ഉണ്ടാക്കുക, ഭാവി കൂടുതൽ സമൃദ്ധമാക്കുന്ന, ആധുനിക കാലത്തിന് അനുസൃതമായ വികാസം പ്രാപിച്ച ഒരു നാടായി കേരളം മാറുമെന്ന സന്ദേശം ഉൾക്കൊണ്ടു കൊണ്ടാണ് ജനങ്ങൾ പരിപാടിയിലേക്ക് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പതിനയ്യായിരത്തിലേറെ ആൾക്കാരാണ് നവകേരള സദസിന്റെ ഭാഗമായി ഉണ്ടപ്പറമ്പ് മൈതാനിയിൽ എത്തിയത്.
വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമുൾപ്പെടെ ഒരുക്കിയ 10 കൗണ്ടറുകളിൽ നിന്നായി 2260 പരാതികളാണ് തളിപ്പറമ്പ് മണ്ഡലം നവകേരള സദസിൽ ലഭിച്ചത്. എം.വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  സംഘാടക  സമിതി ജനറൽ കൺവീനർ ആർ.ഡി.ഒ ഇ.പി മേഴ്സി സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, വി.എൻ വാസവൻ, പി.പ്രസാദ് സംസാരിച്ചു. ഭൂരേഖ തഹസിൽദാർ ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.