വിദേശത്ത് ജോലിക്ക് പോകാന്‍ അനുമതി തേടി തച്ചങ്കരി ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ ഹരജി ഇന്ന് വീണ്ടും ഹൈകോടതിയിൽ

'Claims illness when facing imprisonment, but wants to go abroad for work upon release' – High Court criticizes Tomin J. Thachankary.

 കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി ശിക്ഷിച്ച മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ ഹര്‍ജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്ത് ജോലിക്ക് പോകാന്‍ അനുമതി തേടിയാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, ജയിലില്‍ കിടന്ന കാലയളവില്‍ തച്ചങ്കരി എത്ര ദിവസം ആശുപത്രിയിലായിരുന്നു എന്ന് കോടതി ചോദിച്ചിരുന്നു. രോഗത്തിന്റെ വിവരങ്ങളും സഹിതം റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിർദേശിക്കുകയും ചെയ്തു.

വിദേശത്ത് ജ്വല്ലറിയില്‍ ജോലിക്ക് പോയില്ലെങ്കില്‍ വരുമാനവും ജീവിതവും പ്രതിസന്ധിയിലാകുമെന്നാണ് തച്ചങ്കരിയുടെ വാദം. എന്നാല്‍, ജയിലില്‍ കിടക്കുമ്പോള്‍ ആശുപത്രിയിലായിരുന്ന ആള്‍ക്ക് എങ്ങനെ വിദേശത്ത് ജോലിക്ക് പോകാന്‍ കഴിയുമെന്നാണ് കോടതി ചോദിക്കുന്നത്.

2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലായിരുന്നു വിജിലൻസ് കോടതി കഴിഞ്ഞ സെപ്റ്റംബർ 17നാണ് തച്ചങ്കരിയെ ശിക്ഷിച്ചത്.

അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ്. നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്. പിന്നീട് ഒക്ടോബർ 15ന് ഹൈകോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു.

2013ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല.

പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007ൽ തച്ചങ്കരി ഡി.ഐ.ജിയായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പൊലീസ് ഉപമേധാവിയായി ഉയർന്നിരുന്നു.

സർവിസിലിരിക്കെ വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ തുടങ്ങിയവ വരുമാനത്തിന് നിരക്കാത്തവിധം സമ്പാദിച്ചെന്നുകാട്ടി ബോബി കുരുവിള നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. 
 

Tags