ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതി​രെ വിദ്വേഷ പ്രസ്താവന: ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു

Case registered against RSS ideologue T.G. Mohandas for hate speech against students protesting at Jantar Mantar.

 

 തിരുവനന്തപുരം: ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതി​രെ വിദ്വേഷ പ്രസ്താവന നടത്തിയ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കേസെടുത്തത്. സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണച്ചുമതല.

തനിക്കാണ് അധികാരമെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും എന്നിട്ടും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെച്ച് കൊന്ന് ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നുമായിരുന്നു മോഹൻദാസിന്റെ വിഡിയോ പരാമർശം. ബലാൽസംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെ ഉള്ളത് എന്നും പ്രത്യേകിച്ച് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ വർഗ ബഹുജന പ്രസ്ഥാനങ്ങളിൽ ഉള്ളവർ ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എന്നും ഇയാൾ ആരോപിച്ചിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ, ഫ്രേറ്റേണിറ്റി മുവ്മെന്റ്, മഹിള അസോസിയേഷൻ, അ​ന്വേഷി തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും പരാതി നൽകിയിരുന്നു.

‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെട്ടും. പിന്നെ വെടിവെക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ശവങ്ങൾ പെറുക്കിക്കൂട്ടി ആശുപത്രിയിൽ എത്തിക്കും’ എന്നായിരുന്നു ടി.ജി. മോഹൻദാസിന്റെ ഒരു വിഡിയോ. പ്രക്ഷോഭസ്ഥലത്തു നിന്ന് പൊലീസിനെ പൂർണമായും പിൻവലിച്ച് സമരക്കാർക്ക് വിട്ടുനൽകിയാൽ അവിടെ കൊലപാതകങ്ങളും കൂട്ട കൂട്ടബലാസംഗങ്ങളും നടക്കുമെന്നും ദൈവാനുഗ്രഹം കൊണ്ട് ആരും അതിൽ പരാതിപ്പെടില്ല എന്നും ഇയാൾ പറഞ്ഞിരുന്നു. ‘ഡൽഹിയിൽ കൂട്ട ബലാത്സംഗം നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ വർഗ ബഹുജന വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറും’ എന്നായിരുന്നു ഇയാളുടെ പരാമർശം. 

Tags