'ടീം യു.ഡി.എഫിനും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി' ; പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ
പത്ത് വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കും. കഠിനാധ്വാനം ചെയ്ത് പൂർണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും പുതുയുഗത്തിന് തുടക്കമിടാനും ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യും. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും നിർവചനം ജനങ്ങൾക്കു വേണ്ടി അർപ്പണബോധത്തോടെ ചെയ്യുന്ന പ്രവർത്തിയാണെന്ന് ഞങ്ങൾ മാറ്റിയെഴുതും. വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, ദൈവിക നിയോഗമായിട്ടാണ് ഇപ്പോൾ ലഭിച്ച സ്ഥാനത്തെ കാണുന്നത്.
തിരുവനന്തപുരം : ടീം യു.ഡി.എഫിനും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കുമെന്നും കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വലിയൊരു ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിയും ഉൾപ്പെടെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന് നന്ദി പറയുന്നു. എന്നെ ഇതിന് പ്രാപ്തനാക്കിയത് തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരും ടീം യു.ഡി.എഫായി നിന്ന നേതാക്കളുമാണ്. അവരൊടെല്ലാം കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങൾ വലിയൊരു ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്ത് വർഷം നീണ്ട ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കും. കഠിനാധ്വാനം ചെയ്ത് പൂർണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും പുതുയുഗത്തിന് തുടക്കമിടാനും ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യും. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും നിർവചനം ജനങ്ങൾക്കു വേണ്ടി അർപ്പണബോധത്തോടെ ചെയ്യുന്ന പ്രവർത്തിയാണെന്ന് ഞങ്ങൾ മാറ്റിയെഴുതും. വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, ദൈവിക നിയോഗമായിട്ടാണ് ഇപ്പോൾ ലഭിച്ച സ്ഥാനത്തെ കാണുന്നത്.
വലിയ വിജയത്തിന് ഞങ്ങളെ ഏറ്റവും കൂടുതൽ സഹായിച്ചത് എ.ഐ.സി.സിയാണ്. എ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ ഏകോപിപ്പിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ്. എല്ലാ കാര്യങ്ങളിലും അദ്ദേഹം പിന്തുണ നൽകിയിട്ടുണ്ട്. കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആയിരുന്ന രമേശ് ചെന്നിത്തലയ്ക്കും വിജയത്തിൽ പങ്കുണ്ട്. എന്റെ നേതാവ് കൂടിയാണ് ചെന്നിത്തല. പ്രിയങ്കരനായ സഹപ്രവർത്തകനും നേതാവുമാണ് കെ.സി വേണുഗോപാൽ. അവരെയെല്ലാം പൂർണവിശ്വാസത്തിൽ എടുക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി ഉൾപ്പെടെയുള്ളവർക്ക് വിജയത്തിൽ പങ്കുണ്ട്. എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും വലിയ ഉത്തരവാദിത്തമാണ് ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. കേരളം സങ്കീർണമായ അവസ്ഥയിലൂടെ കടന്നു പോകുകയാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച കേരളത്തിന്റെ ചിത്രമുണ്ട്. ആ വെല്ലുവിളികളെ നേരിടാൻ കേരളം ഒന്നിച്ചു നിൽക്കണം. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ അഭ്യർത്ഥിക്കുന്നു. നമ്മുടെ കേരളത്തെ രക്ഷിച്ചെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവരും ചേർന്നുള്ള പ്രവർത്തനത്തിലൂടെ മാത്രമെ സാധിക്കൂ. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ഒരു ടീമിനാകും അതു ചെയ്യാനാകുക. കേരളത്തെ രക്ഷിക്കാനുള്ള ടീം ബിൽഡ് ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കും. കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
നടപടിക്രമങ്ങൾ പാലിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മറ്റുപല സംസ്ഥാനങ്ങളിലും വിവിധ പാർട്ടികൾ മുഖ്യമന്ത്രിമാരെ കണ്ടെത്താൻ എത്രയോ സമയം എടുത്തിട്ടുണ്ട്. ചരിത്രം അറിയാതെ കുറ്റപ്പെടുത്തരുത്. എല്ലാ ഭാഗവും പരിശോധിച്ച്, എം.എൽ.എമാരുമായും എം.പിമാരുമായും സീനിയർ നേതാക്കളുമായും നടത്തിയ ആശയവിനിമയത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കഴിവുള്ള നിരവധി നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്. അതിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്ന ജോലി നേതൃത്വം ഭംഗിയായി നിർവഹിച്ചു.
ജനങ്ങൾ യു.ഡി.എഫിനെ പ്രതീക്ഷയോടെയാണ് കണ്ടത്. അവർ വൻ വിജയമാണ് നൽകിയത്. അതിൽ അവർക്ക് പ്രതീക്ഷയുമുണ്ട്. ടീം യു.ഡി.എഫായി ഒരു പാർട്ടിയെ പോലെയാണ് പ്രവർത്തിച്ചത്. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പി.ജെ ജോസഫും എൻ.കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും സി.പി. ജോണും രാജൻ ബാബുവും മാണി സി കാപ്പനും അനൂപ് ജേക്കബും ഉൾപ്പെടെയുള്ളവർ ഒറ്റ പാർട്ടി പോലെയാണ് പ്രവർത്തിച്ചത്. അവർ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ഉപദേശിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇനിയും മുന്നോട്ട് പോകും. സത്യപ്രതിജ്ഞ തീയതി സംബന്ധിച്ച് എല്ലാ മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിമാരെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി.
.jpg)

