'അധ്യാപകർക്ക് 2 രണ്ടുമണിക്കൂറിൽക്കൂടുതൽ ജോലിയില്ല, പ്രിൻസിപ്പൽ ക്ലാർക്കിന്റെ ജോലികൂടി ചെയ്യണം'- വാദവുമായി സർക്കാർ
തിരുവനന്തപുരം : ഹയർ സെക്കൻഡറി അധ്യാപകർക്ക് ഒരുദിവസം ശരാശരി രണ്ടുമണിക്കൂറിൽക്കൂടുതൽ ജോലിയില്ലെന്ന വാദവുമായി സർക്കാർ. ഹയർ സെക്കൻഡറിയിൽ ഒരു മുഴുവൻസമയ ക്ലാർക്കിനുള്ള ജോലികളില്ലാത്തതിനാൽ, അതുകൂടി ചെയ്യാനാണ് പ്രിൻസിപ്പലിന് ആഴ്ചയിൽ എട്ടു പീരിയഡായി അധ്യാപനം കുറച്ചിട്ടുള്ളതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കി.
എറണാകുളം വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാർക്ക്, ലൈബ്രേറിയൻ, മുഴുവൻസമയ അനധ്യാപക തസ്തിക എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജർ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ്.
അത്യാവശ്യമല്ലാത്ത തസ്തിക അനുവദിച്ചാൽ എല്ലാ സ്കൂളുകളും അത് ആവശ്യപ്പെടും. അത് സർക്കാരിനു വലിയ സാമ്പത്തികപ്രയാസമുണ്ടാക്കുമെന്നും ഉത്തരവിൽ പറയുന്നു. അധ്യാപകർക്ക് കാര്യമായി ജോലിഭാരമില്ലാത്തതിനാൽ, ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറിയുടെ ചുമതലകൂടി നിർവഹിക്കണമെന്നാണ് നിർദേശം.
വിദ്യാർഥികളുടെ എണ്ണംകൂടി കണക്കിലെടുത്ത് ക്ലാർക്കിനെയും ജീവനക്കാരെയും നിയമിക്കണമെന്ന കേരള വിദ്യാഭ്യാസ ചട്ട)ത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന്റെ ആവശ്യം. സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടും ലൈബ്രേറിയൻ തസ്തിക അനുവദിച്ചില്ലെന്നും പരാതിപ്പെട്ടു. എന്നാൽ, നിലവിൽ ഒരു സ്കൂളിലും ഹയർ സെക്കൻഡറിക്കു പ്രത്യേകമായോ അല്ലെങ്കിൽ ഹയർ സെക്കൻഡറി കുട്ടികളുടെ എണ്ണംകൂടി ചേർത്തോ ക്ലാർക്ക്, ലൈബ്രേറിയൻ, ഫുൾടൈം മീനിയൽ തസ്തികകൾ അനുവദിച്ചിട്ടില്ലെന്നാണ് സർക്കാരിന്റെ മറുപടി.
.jpg)

