സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ അധ്യാപകനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കി

google news
teacher

സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയ അധ്യാപകനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കിയെന്ന് കണ്ടെത്തല്‍. കണ്ണൂര്‍ കടമ്പൂര്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ പി ജി സുധിക്കെതിരായ പരാതി വ്യാജമെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ പ്രധാന അധ്യാപകനും സഹപ്രവര്‍ത്തകനും അടക്കം 4 പേര്‍ക്കെതിരെ എടക്കാട് പൊലീസ് സ്വമേധയാ കേസെടുത്തു. 

കണ്ണൂരിലെ കടമ്പൂര്‍ ഹൈസ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ് പി.ജി സുധി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പൊലീസില്‍ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ട്വിസ്റ്റ് വന്നു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. പിന്നൊലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം തുടര്‍ന്നു.

എന്നാല്‍ അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതെന്ന് കണ്ടെത്തി. പരാതി വ്യാജമെന്ന് വ്യക്തമായതോടെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സുധാകരന്‍ മഠത്തില്‍,സഹ അധ്യാപകന്‍ സജി, പി ടി എ പ്രസിഡന്റ് രഞ്ജിത് എന്നിവരടക്കം 4 പേര്‍ക്കെതിരെയാണ് കേസ്.

'കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ വ്യാജ മൊഴി നല്‍കിയ കുട്ടിയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്'പൊലീസ് പറഞ്ഞു.

സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയതിന് പക വീട്ടാന്‍ ഗൂഢാലോചന നടന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു

Tags