പാലക്കാട് വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച അധ്യാപകന് സസ്പെൻഷൻ

suspension

പാലക്കാട്: വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകൻ എൽ. അനിലിനെ (35) പാലക്കാട് എഇഒ സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജർ നടപടിയെടുക്കാതിരുന്ന പശ്ചാത്തലത്തിലാണ് എഇഒ രമേശ് പാറപ്പുറത്ത് നേരിട്ട് നടപടിയെടുത്തത്. അധ്യാപകന് സസ്പെൻഷൻ നൽകാതെ രാജി എഴുതിവാങ്ങി മാത്രം പ്രശ്നം ഒതുക്കിത്തീർക്കാൻ സ്കൂൾ ശ്രമിച്ചത് ഗുരുതരവീഴ്ചയാണെന്നും കണ്ടെത്തലുണ്ട്. എന്നാൽ, പിന്നീട് അധ്യാപകൻതന്നെ രാജി പിൻവലിച്ചെന്നാണ് വിവരം.

tRootC1469263">

സംഭവം മറച്ചുവെച്ചതിന് സ്കൂൾ മാനേജരെ അയോഗ്യനാക്കാൻ ഉപ വിദ്യാഭ്യാസ ഡയറക്ടർക്ക് എഇഒ ശുപാർശ നൽകി. സംഭവം സ്കൂൾ കൃത്യസമയത്ത് അധികൃതരെ അറിയിക്കാതിരുന്നതിന് പ്രധാനാധ്യാപിയ്ക്കും ക്ലാസ് ടീച്ചർക്കും എഇഒ നോട്ടീസ് നൽകി. ഇവർ മൂന്നുദിവസത്തിനകം വിശദീകരണം നൽകണം. 

നവംബർ 29-ന് അധ്യാപകൻ വിദ്യാർഥിയെ താമസസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിവരം സ്കൂളധികൃതർ ഡിസംബർ 18-ന് അറിഞ്ഞു. ഇതുകഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ജനുവരി മൂന്നിന് സ്കൂളധികൃതർ മലമ്പുഴ പോലീസിൽ പരാതി നൽകിയത്.

എന്നാൽ, ഡിസംബർ 24-ന് സ്കൂളധികൃതർ പാലക്കാട് എഇഒയെ ഫോണിൽ വിളിച്ച് അധ്യാപകൻ കുട്ടിയോട് അപമര്യാദയോടെ പെരുമാറിയെന്ന് പറഞ്ഞിരുന്നു. എന്നാൽ, മദ്യം നൽകി പീഡിപ്പിച്ചെന്നോ മറ്റുവിവരങ്ങളോ പറഞ്ഞില്ലെന്നും വിഷയം പോക്സോ കേസിന്റെ പരിധിയിൽ വരുന്നതാണെന്ന് അറിഞ്ഞില്ലെന്നും എഇഒ പറയുന്നു. എങ്കിലും ഉടനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ചെയർപേഴ്സണെ വിവരമറിയിച്ചെന്നും എഇഒ പറഞ്ഞു.

വിദ്യാർഥികളെ അധ്യാപകൻ തല്ലിയതിനടക്കമുള്ള പരാതികൾ വരാറുണ്ട്. കുട്ടിയോട് വിഷയം നേരിട്ട് ചോദിക്കണമെന്നും സിഡബ്ല്യുസിയിൽ ഉടൻ ഹാജരാക്കണമെന്നും എഇഒയോട് സിഡബ്ല്യുസി ചെയർപേഴ്സൺ എം. സേതുമാധവൻ ആവശ്യപ്പെട്ടിരുന്നു. രക്ഷിതാക്കൾ അത് വിസമ്മതിച്ചെന്നാണ് അധികൃതരിൽനിന്ന് ലഭിച്ച വിവരമെന്ന് എഇഒ അറിയിച്ചു.

വിഷയത്തിന്റെ ഗൗരവം അറിഞ്ഞിരുന്നില്ലെന്നും രേഖാമൂലം എഇഒയിൽനിന്ന് പരാതി ലഭിച്ചിരുന്നില്ലെന്നും പരാതി കിട്ടിയിരുന്നെങ്കിൽ പോലീസിൽ ഉടൻ അറിയിക്കുമായിരുന്നെന്നും സിഡബ്ല്യുസി ചെയർപേഴ്സൺ പറഞ്ഞു. ചൊവ്വാഴ്ച കുട്ടിക്ക് കൗൺസലിങ് നൽകിയതായും തുടർനടപടി സ്വീകരിച്ചുവരുന്നതായും ചെയർമാൻ അറിയിച്ചു. സ്കൂളധികൃതരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മണ്ണാർക്കാട് ഡിവൈഎസ്‌പി എം. സന്തോഷ്‌കുമാറാണ് കേസന്വേഷിക്കുന്നത്.

Tags