ഒതുക്കുങ്ങലിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് അധ്യാപകൻ മരിച്ചു; മദ്യപിച്ചെത്തിയ ഡ്രൈവർ അറസ്റ്റിൽ

Teacher dies after being hit by speeding car in Othukkungal; Drunk driver arrested

മലപ്പുറം: ഒതുക്കുങ്ങലിൽ അമിതവേഗതയിൽ മദ്യലഹരിയിൽ പാഞ്ഞെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികനായ സ്കൂൾ അധ്യാപകന് ദാരുണാന്ത്യം. ഒതുക്കുങ്ങൽ പാലേമാട് കുഴിപ്പുറം സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ താൽക്കാലിക അധ്യാപകനായിരുന്നു. കാറോടിച്ചിരുന്ന പാറപ്പുറം സ്വദേശി അക്ബർ അലിയെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഒതുക്കുങ്ങലിൽ വച്ചായിരുന്നു അപകടം. സുഹൃത്ത് ഹബീബുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഷറഫുദ്ദീനെ അക്ബർ അലി ഓടിച്ച കാർ നിയന്ത്രണംവിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷറഫുദ്ദീന് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയോടെ ഷറഫുദ്ദീൻ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഹബീബ് പരിക്കുകളോടെ ചികിത്സയിലാണ്.

സംഭവസ്ഥലത്തു വച്ച് നാട്ടുകാർ തടഞ്ഞുവെച്ച കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ അപകടസമയത്ത് കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചു. പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

Tags