പെരുമ്പിലാവില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു: രണ്ടു പേര്‍ മരിച്ചു

തൃശൂര്‍: പട്ടാമ്പിറോഡില്‍ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതമായി പരുക്കേറ്റു. കോതമംഗലം ഊന്നുങ്ങല്‍ തലക്കോട് സ്വദേശി മൂലേത്തൊടി വീട്ടില്‍ മരക്കാരിന്റെ മകന്‍ ഷംസുദ്ദീന്‍, കോതമംഗലം നാണ്യമംഗലം സ്വദേശി പടിഞ്ഞാറെ കരയില്‍ വീട്ടില്‍ അരുണ്‍ ജോസഫ് എന്നിവരാണ് മരിച്ചത്. മരക്കച്ചവടക്കാരനായ ഷംസുദ്ദീന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം തലക്കോട് പുത്തന്‍കുരിശ് സ്വദേശി സ്രാമ്പിക്കല്‍ വീട്ടില്‍ എല്‍ദോസ് ജോണിനെ
ഗുരുതര പരുക്കുകളോടെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അന്‍സാര്‍ ആശുപത്രിയിലും കുന്നംകുളം റോയല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.45നാണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്തുനിന്നും ചാലിശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ചാലിശേരി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മര കച്ചവടവുമായി ബന്ധപ്പെട്ട് തിരിച്ചു വരുമ്പോഴാണ് അപകടം. മുമ്പിലുള്ള വാഹനത്തെ മറികടന്ന് വന്ന കാര്‍ നേരിട്ട് ടോറസ് ലോറിയിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറിലുള്ളവരെ നാട്ടുകാര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേന കാറ് വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
കുന്നംകുളം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയകുമാര്‍, ബെന്നി മാത്യു, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ സജിത്ത് മോന്‍, നവാസ് ബാബു, സുധീഷ്, നിഖില്‍, വിഷ്ണുദാസ്, ടോണി ജോസ്, ഹരിക്കുട്ടന്‍, ആംബുലന്‍സ് പ്രവര്‍ത്തകരായ മുഹമ്മദ് നാസിം, ജസീല്‍,അനറ്റ്, പെരുമ്പിലാവിലെ നാട്ടുകാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.