എല്ലാ വീടുകളിലേക്കും കുടിവെള്ളം ടാപ്പില്‍ എത്തിക്കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

ssss

പത്തനംതിട്ട : എല്ലാ വീടുകളിലേക്കും  കുടിവെള്ളം ടാപ്പില്‍ എത്തിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം ഗ്രാമ പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം അരുവാപ്പുലം ഗവ. എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴ ഉണ്ടെങ്കിലും കേരളത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കണക്കുകള്‍ അനുസരിച്ച് ഭൂഗര്‍ഭജലം കുറയുകയാണ്. ഇതൊരു സൂചന ആയി കണ്ട് ശുദ്ധ ജലം എല്ലാവര്‍ക്കും എത്തിക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. കോന്നി മണ്ഡലത്തില്‍ ഇന്ന് ഏഴ് സ്ഥലങ്ങളില്‍ ആണ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കോന്നി എംഎല്‍എ അഡ്വ. കെ.യു ജനീഷ് കുമാറിന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ആണ് മണ്ഡലത്തില്‍ നടക്കുന്നത് എന്നും മാതൃകാ മണ്ഡലം ആയി കോന്നി മാറുകയാണ് എന്നും മന്ത്രി പറഞ്ഞു.

അരുവാപ്പുലം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനുള്ള ശ്വാശ്വത പരിഹാരം ഈ പദ്ധതി നടപ്പാകുന്നതോടെ ഉണ്ടാകുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി 47 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. 30 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നും ജലവിഭവ വകുപ്പ് മന്ത്രിയുടെ മികച്ച ഇടപെടല്‍ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നും എംഎല്‍എ പറഞ്ഞു.

ആന്റോ ആന്റണി എം.പി  മുഖ്യാതിഥിയായ ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, വി ടി അജോമോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്‍ ദേവകുമാര്‍, പ്രവീണ്‍ പ്ലാവിളയില്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സിന്ധു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.എന്‍ ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags