താനൂരിൽ കാണാതായ പെൺകുട്ടികളുടെ ഫോട്ടോയും വിഡിയോയും അടക്കമുള്ള വിവരങ്ങൾ നീക്കം ചെയ്യണം

thanumissing
thanumissing

താനൂർ: താനൂരിൽ കാണാതായ പെൺകുട്ടികളുടെ ഫോട്ടോയും വിഡിയോയും നീക്കം ചെയ്യണമെന്ന് പൊലീസ് നിർദേശം. കുട്ടികളെ കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ച ഫോട്ടോയും വിഡിയോയും അടക്കമുള്ള വിവരങ്ങൾ നീക്കം ചെയ്യണമെന്നാണ് നിർദേശം.

താനൂരിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് അവരുടെ ഫോട്ടോ, വിഡിയോ ദൃശ്യങ്ങൾ, ഐഡന്റിറ്റി വെളിവാകുന്ന വിധത്തിലുള്ള മറ്റു വിവരങ്ങൾ എന്നിവയും കുട്ടികൾക്ക് മാനസിക പ്രയാസമുണ്ടാക്കുന്ന വിധത്തിലുള്ള പരാമർശങ്ങളും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് താനൂർ ഡിവൈ.എസ്.പി പി. പ്രമോദ് അറിയിച്ചു.

പുണെയിൽ നിന്ന് താനൂരിലെത്തിച്ച കാണാതായ പെൺകുട്ടികളെ സി.ഡബ്ല്യു.സി കെയർ ഹോമിലേക്ക് മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷമാണ് സി.ഡബ്ല്യു.സി നിയന്ത്രണത്തിലുള്ള കെയർ ഹോമിലേക്ക് മാറ്റിയത്.

Tags