താനൂര്‍ ബോട്ടപകടം; ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് സന്ദര്‍ശിച്ചത്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഏഴ് പേരാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂന്ന് സ്ത്രീകളും നാലു കുട്ടികളുമാണ് ആശുപത്രിയില്‍ ചികിത്സ തുടരുന്നത്. ചൊവ്വാഴ്ച്ചയും ജില്ലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകളിലെത്തിയിരുന്നു.
അതിനിടെ ബോട്ട് അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ആദ്യമല്ല. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ബോട്ട് ഓപ്പറേറ്റര്‍മാര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദി. സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്ന് നിരീക്ഷിച്ച കോടതി സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും ചോദിച്ചു.