താനൂര്‍ ബോട്ടപകടം സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തും: മുഖ്യമന്ത്രി

google news
Tanur boat accident

മലപ്പുറം : താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട ഓരോ ആളുകളുടെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും താനൂരിൽ ദുരന്ത മേഖല സമർശിക്കാനെത്തിയ മുഖ്യമന്ത്രി ഉന്നതതല യോഗത്തിനു ശേഷം പറഞ്ഞു.

ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഉണ്ടായിട്ടുള്ളത്. മുഴുവന്‍ കുടുംബങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നു. ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും.
സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തും. ഇതൊടൊപ്പം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് പൊലീസും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

pinarayi

കരിപ്പൂരില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറം മിസ്ബാഹുല്‍ ഉലൂം മദ്രസയില്‍ സന്ദര്‍ശനം നടത്തി.
തുടര്‍ന്ന് താനൂര്‍ എം.എല്‍.എ ഓഫീസില്‍ വെച്ച് വിവിധ കക്ഷി നേതാക്കളും മന്ത്രിമാരും എം.എൽ.എമാരും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി.

മുഖ്യമന്ത്രി തിരുരങ്ങാടിയിലും താനൂരിലും നടത്തിയ കൂടിക്കാഴ്ചകളിൽ മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, സജി ചെറിയാന്‍, റോഷി അഗസ്റ്റിന്‍, ആന്റണി രാജു,, കെ. കൃഷ്ണന്‍ കുട്ടി, അഡ്വ. പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ ഡോ. കെ.ടി ജലീല്‍, പി. നന്ദകുമാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.പി.എ മജീദ്, അഡ്വ. എന്‍ ഷംസുദ്ധീന്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഇ.എന്‍ മോഹന്‍ദാസ്,  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ സലാം, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ഡി.ജി.പി. കെ. അനിൽ കാന്ത്, ഫയർ ഫോഴ്സ് മേധാവി ബി. സന്ധ്യ, ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

Tanur boat accident

Tags