തന്ത്രി കണ്‌ഠ‌ര് രാജീവരെ കുടുക്കിയത് സർക്കാറിനെതിരെയുള്ള ആരോപണം വഴിതിരിച്ചുവിടാൻ : രാഹുൽ ഈശ്വർ

'I doubt whether there is an attempt to save someone else by making the Tantri a scapegoat'; Rahul Easwar supports Kantar Rajiv

 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്‌ഠ‌ര് രാജീവരെ അറസ്റ്റ് ചെയ്‌തത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രാഹുൽ ഈശ്വർ. സർക്കാറിനെതിരെയുള്ള ആരോപണങ്ങളെയും വിമർശനങ്ങളെയും വഴിതിരിച്ചുവിടാനാണ് തന്ത്രിയെ കുടുക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കനത്ത തിരിച്ചടി നേരിട്ട സർക്കാറിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാൻ ശബരിമലയെ മറയാക്കുന്നു.

tRootC1469263">

ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളിയും പ്രഭാമണ്ഡല പാളികളും അഴിച്ചുമാറ്റി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയപ്പോൾ അയ്യപ്പൻറെ അനുവാദം വാങ്ങിയില്ലെന്ന് അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ എഴുതി ചേർത്തത് വിചിത്രമാണ്. അയ്യപ്പൻറെ അനുവാദം കിട്ടിയോ ഇല്ലയോയെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കിയെന്നതും വ്യക്തമല്ല. താന്ത്രിക ചട്ടങ്ങൾ പാലിച്ചില്ലെന്നും ദേവസ്വം ബോർഡിനെ അറിയിക്കുന്നതിൽ തന്ത്രി വീഴ്‌ചവരുത്തിയെന്നുമുള്ള പൊലീസിൻറെ വാദവും വസ്‌തുതാവിരുദ്ധമാണ്.

ഏതുവിധേനയും തന്ത്രിയെ കേസുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലമാണിത്. ശബരിമലയിൽ ഭരണസമിതിക്കുണ്ടായ വീഴ്‌ചയിൽ ആചാരങ്ങളുടെ സംരക്ഷകനെന്ന നിലയിൽ തന്ത്രിയെ അറസ്‌റ്റ് ചെയ്തത് യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും സർക്കാറിൻറെ മുഖം രക്ഷിക്കാനുമാണെന്ന് രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യുവിലേക്ക് മാറ്റി. രാവിലെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തന്ത്രിയെ ആംബുലൻസിലാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഉയർന്ന രക്തസമ്മർദമാണെന്ന് കണ്ടതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

രാവിലെ ജയിലിൽ ഭക്ഷണവുമായി എത്തിയവരോടാണ് ഡോക്ടറെ കാണണമെന്ന് തന്ത്രി പറഞ്ഞത്. തന്ത്രിക്ക് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു. വെള്ളിയാഴ്ച നാലുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ശബരിമലയെ സംബന്ധിച്ച് താന്ത്രിക കാര്യങ്ങളിൽ അവസാന വാക്കായ തന്ത്രിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി തന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അറസ്റ്റിന് ശേഷം വൈദ്യ പരിശാധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags