ഗവര്‍ണര്‍മാര്‍ക്കെതിരായ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗവര്‍ണര്‍മാര്‍ക്കെതിരായ കേരളത്തിന്റെയും തമിഴ്നാടിന്റെയും ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരളം സമര്‍പ്പിച്ച 8 ബില്ലുകള്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ഡോ വേണു, ടി പി രാമകൃഷ്ണന്‍ എംഎല്‍എ എന്നിവരാണ് ഹര്‍ജിക്കാര്‍.
തമിഴ്നാട് സമര്‍പ്പിച്ച 10 ബില്ലുകളാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി തിരിച്ചയച്ചത്. തുടര്‍ന്ന് 10 ബില്ലുകള്‍ തമിഴ്നാട് നിയമസഭ വീണ്ടും അംഗീകരിക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചേക്കും. പൊതുജനാരോഗ്യം, ഉന്നതവിദ്യാഭ്യാസം, ലോകായുക്ത മുതലായ വിഷയങ്ങളിലെ എട്ട് ബില്ലുകളാണ് കേരളത്തിന്റേത്.
കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലും അഭിഭാഷകനായ സി കെ ശശിയും തമിഴ്നാടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ എഎം സിംഗ്വി, പി വില്‍സണ്‍, അഭിഭാഷകന്‍ ശബരീഷ് സുബ്രഹ്മണ്യന്‍ എന്നിവരും ഹാജരാകും. നേരത്തെ തമിഴ്നാടും പഞ്ചാബും സമര്‍പ്പിച്ച ഹര്‍ജിയില്‍, ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ തീരുമാനം എടുക്കാന്‍ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.