തമിഴ്‌നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

google news
arrest1

പാലക്കാട്: തമിഴ്‌നാട് സ്വദേശിയെ ഭീഷണിപ്പെടുത്തി 15,000 രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം ആര്‍.എസ്. റോഡ് സ്വദേശികളായ ചെരപറമ്പില്‍ മുഹമ്മദ് അന്‍സാര്‍ (34), കാളന്‍തൊടി ജാഫര്‍ (34), വയലിപാടത്ത് അസൈനാര്‍(47) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. ശൗചാലയ മാലിന്യമെടുക്കുന്ന തൊഴില്‍ ചെയ്യുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സത്യമംഗലം സ്വദേശി കാര്‍ത്തിക്കിന്റെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ 11.30ന് നാല് പേര്‍ ചേര്‍ന്ന് കാര്‍ത്തിക്കിനെ ഭാരതപ്പുഴയുടെ സമീപം കൊണ്ട് പോയി കത്തികാട്ടി പണം കവര്‍ന്നെന്നാണ് പരാതി.

കൈയിലുണ്ടായിരുന്ന 7500 രൂപ തട്ടിയെടുക്കുകയും ബാക്കി 7500 രൂപ ഗൂഗിള്‍ പേ ചെയ്യിപ്പിക്കുകയുമായിരുന്നു. ഗൂഗിള്‍ പേ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെയും റെയില്‍വേ സ്റ്റേഷന്‍ പള്ളം ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ എം. സുജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.ജെ. പ്രവീണ്‍, എസ്.ഐ. ടി.യു. മൈസല്‍ ഹക്കീം, സജിത്ത്, ഷിജിത്ത്, രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags