കുടുംബനാഥകൾക്ക് പ്രതിമാസം 2000 രൂപ പുരുഷന്മാർക്കും ബസ് യാത്ര സൗജന്യം ; തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി അണ്ണാ ഡിഎംകെ

Ahead of the Tamil Nadu elections, AIADMK makes a big announcement: Rs. 2,000 per month for heads of families, free bus travel for men

 തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ രംഗത്തെത്തി. പാർട്ടി സ്ഥാപകൻ എം.ജി. രാമചന്ദ്രന്റെ 109-ാം ജന്മവാർഷിക ദിനത്തിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്. തങ്ങൾ അധികാരത്തിൽ വന്നാൽ കുടുംബനാഥകൾക്ക് പ്രതിമാസം 2000 രൂപ വീതം നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനം. നിലവിൽ ഡിഎംകെ സർക്കാർ നൽകിവരുന്ന 1000 രൂപയ്ക്ക് പകരമായി ‘മകളീർ കുലവിളക്കു തിട്ടം’ എന്ന പേരിലാണ് ഈ തുക ഇരട്ടിയാക്കി നൽകുമെന്ന് ഉറപ്പുനൽകുന്നത്.

tRootC1469263">

യാത്രാസൗകര്യങ്ങളിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങളാണ് അണ്ണാ ഡിഎംകെ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ സ്ത്രീകൾക്ക് മാത്രമായുള്ള സിറ്റി ബസുകളിലെ സൗജന്യ യാത്ര പുരുഷന്മാർക്കും കൂടി വ്യാപിപ്പിക്കുമെന്ന് എടപ്പാടി പളനിസ്വാമി അറിയിച്ചു. കൂടാതെ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ നിലവിലുള്ള 100-ൽ നിന്നും 150 ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രകടനപത്രിക പൂർണ്ണമായി പുറത്തിറക്കുമ്പോൾ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭവനരഹിതർക്കും സ്ത്രീകൾക്കുമായി പ്രത്യേക പദ്ധതികളും പ്രഖ്യാപനത്തിലുണ്ട്. ‘അമ്മ’ ഭവനപദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ മുഴുവൻ ഭവനരഹിതർക്കും കോൺക്രീറ്റ് വീടുകൾ നിർമ്മിച്ചുനൽകും. നഗരങ്ങളിൽ അർഹരായവർക്കായി ബഹുനില പാർപ്പിട സമുച്ചയങ്ങൾ പണിയും. അഞ്ച് ലക്ഷം സ്ത്രീകൾക്ക് ഇരുചക്രവാഹനം വാങ്ങുന്നതിനായി 25,000 രൂപ സബ്‌സിഡി നൽകുന്ന പദ്ധതി പുനരാരംഭിക്കുമെന്നും വാഗ്ദാനമുണ്ട്. ഇത്രയധികം സൗജന്യങ്ങൾ നൽകുന്നത് സംസ്ഥാനത്തിന്റെ കടബാധ്യത വർദ്ധിപ്പിക്കില്ലേയെന്ന ചോദ്യത്തിന്, കാര്യക്ഷമമായ ഭരണത്തിലൂടെ ഇത് നടപ്പിലാക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tags