തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവാഘോഷ പരിപാടികൾ അലങ്കോലമാക്കാൻ ചിലർ ബോധപൂർവ്വം ശ്രമം നടത്തുന്നു: ഗുരുതര ആരോപണവുമായി ടി.ടി.കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ

തളിപ്പറമ്പ : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവും ആഘോഷ പരിപാടികളും അലങ്കോലമാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായി ടി.ടി.കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം നാരായണൻ. ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും ഉത്സവ പരിപാടികൾ വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണവും വേണമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്രം മുതൽ പൂക്കോത്ത്നട വരെ വൈദ്യത വിളക്കുകളും സൗണ്ട് ബോക്സുകളും സ്ഥാപിക്കാറുണ്ട്. ഇത്തവണ സ്ഥാപിച്ച സൗണ്ട് ബോക്സുകൾ ചിലർ കരാറുകാരെ ബന്ധപ്പെട്ട് അഴിച്ചു നീക്കുകയാണ്.
ആഘോഷ കമ്മറ്റി അംഗങ്ങളുടെ വീടുകളിൽ കയറി സൗണ്ട് ബോക്സുകൾ അഴിച്ചു മാറ്റണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നു. വ്യാഴാഴ്ച്ച രാത്രി ഒരു ഭാഗത്തേക്കുള്ള ശബ്ദ സംവിധാനങ്ങൾ മുഴുവൻ ഒഴിവാക്കേണ്ട സ്ഥിതിയും ഉണ്ടായി. വളരെ കാലമായി ഉത്സവ പരിപാടികളുടെ നടത്തിപ്പുകാരായവരെ അതിൽ നിന്നും ഒഴിവാക്കിയത് നിയമപരമായ കാര്യം മാത്രമാണ്.
ദേവസ്വം ഇതിൽ മുൻവിധിയോടെ ഒന്നും ചെയ്തിട്ടില്ല. ക്ഷേത്രകാര്യങ്ങളും ഉത്സവ പരിപാടികളും നല്ല രീതിയിൽ നടത്തണം എന്നു മാത്രമാണ് ദേവസ്വം ഉദ്ദേശിച്ചത്. ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും ഉത്സവാഘോഷങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും ടി.ടി.കെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എം നാരായണൻ പറഞ്ഞു.
തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ടി.ടി.കെ ദേവസ്വം പാരമ്പര്യേതര ട്രസ്റ്റിമാരായ പി.വി കൃഷ്ണൻ, പി.ഗോപിനാഥ്, കെ.രാജീവൻ എന്നിവരും പങ്കെടുത്തു. ഒരുദേശത്തിന്റെ ഉത്സവമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം. ഒരുദേശത്തിന്റെ ഉത്സവമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ക്ഷേത്രത്തിലെ മഹോത്സവവും ആചാരാനുഷ്ഠാനങ്ങളാല്‍ വിഖ്യാതമാണ്.
14 നാള്‍ നീളുന്ന ഉത്സവത്തിന് ഒട്ടേറെ സവിശേഷതകളുമുണ്ട്. എന്നാൽ അടുത്തകാലത്തായി തൃച്ചംബരം ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾ കാരണം ഭക്തജനങ്ങളും നിരാശയിലാണ്, ഉത്സവത്തിന്റെ മാറ്റ് കുറയുന്നുണ്ടോ എന്ന പരിഭവവും ഇവർക്കിടയിലുണ്ട്. അടുത്തദിവസങ്ങളിൽ വല്ല അനിഷ്ട സംഭവങ്ങളും നടക്കുമോ എന്നുപോലും ഇവരെ ചിന്തിപ്പിക്കുന്നുണ്ട്. ഇത് ചിലർ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം നടത്തുന്നുണ്ടോ എന്നും ഇവർ ആശങ്കപ്പെടുന്നു.