സ്വപ്നയ്‌ക്കെതിരെയും, വിജേഷിനെതിരെയും കേസെടുത്ത് തളിപ്പറമ്പ് പൊലീസ്

Taliparamba police registered a case against Swapna suresh and Vijesh pilla

കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹളയ്ക്കു ശ്രമം എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

 അതേസമയം കർണാടക മഹാദേവപുര പൊലീസ് സ്റ്റേഷനിൽ സ്വപ്ന സുരേഷിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. സ്വപ്നയ്ക്കൊപ്പം സരിത്തുമുണ്ട്. വിജേഷ് പിളളയുടെ ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ പിന്നിട്ടു. വൈറ്റ് ഫീൽഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിലെത്തുമെന്നാണ് വിവരം.
ഭീഷണിപ്പെടുത്തൽ കുറ്റത്തിനു ചുമത്തുന്ന ക്രിമിനൽ ശിക്ഷാനിയമം 506 പ്രകാരമാണു വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ ആരോപണം പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സ്വപ്‌നയുടെ ആരോപണം വ്യാജമാണെന്നും, പരാമര്‍ശം അപകീര്‍ത്തി സൃഷ്ടിച്ചുവെന്നും കാണിച്ചായിരുന്നു വക്കീല്‍ നോട്ടീസ്. തനിക്കെതിരായ ആരോപണം പിന്‍വലിച്ച് സ്വപ്‌ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മാനനഷ്ട കേസ് കൊടുക്കാൻ സിപിഐഎമ്മിലെ ആരോപിതർ തയ്യാറാകുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പരാതി നൽകിയത്.

Share this story