എലൈറ്റ് ഫുഡ്‌സ് സ്ഥാപകന്‍ ടി ആര്‍ രഘുലാല്‍ അന്തരിച്ചു

elite founder

1986-ലാണ് എലൈറ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം ആരംഭിച്ചത്

എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നവേഷന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആര്‍ രഘുലാല്‍ (64) അന്തരിച്ചു. പ്രമുഖ വ്യവസായിയും സംരംഭകനുമായിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണമാണ് എലൈറ്റ് ഗ്രൂപ്പിനെ രാജ്യത്തെ മുന്‍നിര ഫുഡ് ബ്രാന്‍ഡുകളില്‍ ഒന്നാക്കി മാറ്റിയത്. 1986-ല്‍ ആലപ്പുഴ അരൂരില്‍ ബ്രഡ് ഉല്‍പാദന യൂണിറ്റായി തുടങ്ങിയ എലൈറ്റ് ഫുഡ്‌സിന് ഇന്നു 20 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ നിന്നു മാനേജ്‌മെന്റില്‍ ബിരുദം നേടിയ തണ്ടാശ്ശേരി രാഘവന്‍ രഘുലാല്‍ എന്ന ടി ആര്‍ രഘുലാല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) മുന്‍ ചെയര്‍മാനാണ്. സംസ്ഥാന വ്യാപകമായി ഫുഡ് ബ്രാന്‍ഡുകള്‍ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഭക്ഷ്യമേഖലയില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട അദ്ദേഹം യുഎസില്‍ നിന്നു മടങ്ങിയെത്തി 1986-ലാണ് എലൈറ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം ആരംഭിച്ചത്. പിന്നാലെ ഗുണനിലവാരവും സാങ്കേതികവിദ്യയും വിതരണ ശൃംഖലകളും ഫലപ്രദമായി ഉപയോഗിച്ച് തന്റെ സംരംഭത്തെ വളര്‍ത്തി. പില്‍ക്കാലത്ത് റിയല്‍ എസ്റ്റേറ്റ് (എലൈറ്റ് ഡവലപ്പേഴ്‌സ്), സൗരോര്‍ജം (സോള്‍ജെന്‍ എനര്‍ജി) എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഗ്രൂപ്പായി എലൈറ്റിനെ മാറ്റിയെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

കര്‍ഷകരില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് കമ്പനി യൂണിറ്റുകളില്‍ മില്ലിങ്ങും ബേക്കിങ്ങും നടത്തി ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ നല്‍കുന്ന 'ഫാം ടു ഫോര്‍ക്ക്' എന്ന ആശയം നടപ്പാക്കിയ രഘുലാല്‍, പിന്നീട് ബേക്കിങ് യൂണിറ്റുകള്‍ക്ക് മികച്ച ഗോതമ്പുപൊടി ലഭ്യമാക്കാന്‍ 1991-ല്‍ എലൈറ്റ് റോളര്‍ ഫ്‌ലവര്‍ മില്ലിങ് യൂണിറ്റും ആരംഭിച്ചു. ഇന്ത്യയില്‍ റസ്‌കിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനം തുടങ്ങിയ ആദ്യ കമ്പനി കൂടിയായിരുന്നു എലൈറ്റ്. പിന്നീട് രാജ്യാന്തര വിപണി ലക്ഷ്യമിട്ട് എലൈറ്റ് ഗ്രീനും ആരംഭിച്ചു. ഭാര്യ: സരിഗ. മക്കള്‍: ധനിസ, രഘുറാം. എലൈറ്റ് ഗ്രൂപ്പ് ആന്‍ഡ് ഇന്നവേഷന്‍സ് ഡയറക്ടര്‍മാരാണ് മൂവരും. മരുമകന്‍: രോഹിത് മുരള്യ.

Tags