ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണം:സോണ്ട കമ്പനിയുമായുള്ള കരാറിലും ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിലും ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. സോണ്ട കമ്പനിയുമായുള്ള കരാറിലും ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അതുകൊണ്ടാണ് വിഷയത്തില്‍ ഇതുവരെയും മൗനം പാലിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. വിഷയത്തില്‍ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമര്‍ശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, എനിക്കറിയാം താങ്കളെന്തുകൊണ്ടാണ് നിയമസഭയില്‍ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്. താനും കൊച്ചിയില്‍ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേല്‍ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താന്‍ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്ന കുറിപ്പില്‍ വ്യക്തമാക്കുന്നു.