സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി പ്രവർത്തകനും മൂന്നാം പ്രതിയുമായ ശബരി. എസ്. നായർക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം നാലാം അഡീ. സെഷൻസ് കോടതി ജഡ്ജി എസ്. രാധാകൃഷ്ണന്റേതാണ് ഉത്തരവ്.
സമാനമായ കേസുകളിൽ ഉൾപ്പെടാനോ, സമൂഹത്തിൽ ഭീകരന്തരീഷം സൃഷ്ടിക്കുവാനോ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, കുറ്റപത്രം സമർപ്പിക്കുന്നത് വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ പിടിയിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.
കേസിൽ പിടിയിലായ രണ്ടാം പ്രതി കൃഷ്ണ കുമാർ, നാലാം പ്രതിയും കൗൺസിലറുമായ ഗിരികുമാർ എന്നിവർക്ക് നേരത്തെ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. ശാസ്തമംഗലം. എസ്. അജിത് കുമാർ ഹാജരായി.
2018 ഒക്ടോബർ 27 ന് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അയാളുടെ മരണശേഷം സഹോദരൻ നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് നയിച്ചത്.