സുസ്ഥിര ജലവിതരണം ഉറപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

Minister Roshy Augustine
Minister Roshy Augustine

ഇടുക്കി :എല്ലാ കുടുംബങ്ങളിലും സുസ്ഥിരമായ ജലവിതരണം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പന നഗരസഭയിലെ കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിലും ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത കുറവാണ്. മനുഷ്യ വിസര്‍ജം കലര്‍ന്ന വെള്ളം ലഭിക്കുന്നതു മൂലം ജലജന്യരോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാ കുടുംബങ്ങളിലും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ 70 ലക്ഷം കുടുംബങ്ങളില്‍ 17 ലക്ഷം കുടുംബങ്ങളില്‍ മാത്രമാണ് ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം കുടുംബങ്ങളില്‍ ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ള കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

tRootC1469263">

ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറയുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ ഡാമുകളും ചെക്ക് ഡാമുകളും ഉപയോഗപ്പെടുത്തി സുസ്ഥിരമായ ജലവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡാമുകളില്‍ നിന്നും ജലമെടുത്ത് ശുദ്ധീകരിച്ച് വീടുകളില്‍ വിതരണം ചെയ്യും. ഇതുവഴി വേനല്‍ക്കാലത്തും മഴക്കാലത്തും ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ കഴിയും. ഡാമിലെ ജലനിരപ്പിന്റെ അളവിലെ വ്യത്യാസത്തിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ഫ്‌ളോട്ടിംഗ് പമ്പ് സെറ്റ് സ്ഥാപിച്ചാണ് ശുദ്ധജല വിതരണം നടത്തുക. ഇടുക്കി ഡാമില്‍ നിന്ന് അഞ്ച് പഞ്ചായത്തുകളിലേക്ക് കുടിവെളളം വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വലിയ മാറ്റങ്ങള്‍ക്കാണ് കട്ടപ്പന സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭയില്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മുഴുവന്‍ റോഡുകളും ബിഎംബിസി നിലവാരത്തില്‍ നവീകരിക്കും. കട്ടപ്പനയാറിന്റെ ഇരുവശങ്ങളും കെട്ടി സംരക്ഷിച്ച് പ്രളയ നിയന്ത്രണ സംവിധാനമൊരുക്കും. താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി തുക വകയിരുത്തും. കട്ടപ്പന സര്‍ക്കാര്‍ കോളേജും കട്ടപ്പന ഐടിഐയും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കട്ടപ്പന നഗരസഭയില്‍ നടപ്പാക്കുന്ന 43 കോടി രൂപയുടെ കിഫ്ബ് പദ്ധതിയുടെയും 20.6 കോടി രൂപയുടെ അമൃത് രണ്ടാം ഘട്ട പദ്ധതിയുടെയും നിര്‍മ്മാണ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കട്ടപ്പന നഗരസഭയിലെ 7420 വീടുകളില്‍ കുടിവെള്ളമെത്തും.

അമൃത് പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. അമൃത് രണ്ടാം ഘട്ട പദ്ധതി പ്രകാരം 42 കിലോമീറ്റര്‍ വിതരണ ശൃംഖല സ്ഥാപിച്ച് 4000 കുടിവെള്ള കണക്ഷനുകളാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ 3420 കുടിവെള്ള കണക്ഷനുകളാണ് നല്‍കുന്നത്. കട്ടപ്പന നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശ പ്രകാരം തയാറാക്കിയ പദ്ധതിക്കാണ് സര്‍ക്കാര്‍ കിഫ്ബി മുഖേന 43 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം അഞ്ചുരുളിയില്‍ ജല്‍ ജീവന്‍ മിഷന്‍ വഴി സ്ഥാപിക്കപ്പെടുന്ന ജലശുദ്ധീകരണ ശാലയില്‍ നിന്നും ശുദ്ധജലം കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് ടോപ്പില്‍ നിര്‍മ്മിക്കുന്ന രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിച്ച് 62 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. കൂടാതെ ഈ പദ്ധതിയുടെ ഭാഗമായി നരിയംപാറയില്‍ ജലസംഭരണിയും പമ്പ് ഹൗസ് നിര്‍മ്മാണവും വിഭാവനം ചെയ്തിട്ടുണ്ട്.

പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു. കല്ലുകുന്നിലെ ജലസംഭരണി നിര്‍മ്മിക്കാനായി സ്ഥലം വിട്ടുനല്‍കിയ സലീന കസാലി, ജമീല ബീവി എന്നിവരെ മന്ത്രി ആദരിക്കുകയും സ്ഥലത്തിന്റെ വില കൈമാറുകയും ചെയ്തു.

കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ജെ. ബെന്നി, കേരള വാട്ടര്‍ അതോറിറ്റി അംഗം ഷാജി പാമ്പൂരി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജോണ്‍, കൗണ്‍സിലര്‍മാരായ സിജോമോന്‍ ജോസ്, ജാന്‍സി ബേബി, ധന്യ അനില്‍, ശുധര്‍മ്മ മോഹനന്‍, ഷാജി കൂത്തോടിയില്‍, പ്രശാന്ത് രാജു, ബിനു കേശവന്‍, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം. തോമസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.ആര്‍. സജി, രതീഷ് വരകുമലയില്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി മജീഷ് ജേക്കബ്, വാട്ടര്‍ അതോറിറ്റി മധ്യമേഖല ചീഫ് എന്‍ജിനീയര്‍ വി.കെ. പ്രദീപ്, പബ്ലിക് ഹെല്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്‍.ആര്‍. ഹരി, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                                        ചിത്രം: 1.കട്ടപ്പന നഗരസഭയിലെ കുടിവെളള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നു.

2. കട്ടപ്പന നഗരസഭ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലുകുന്നിലെ ജലസംഭരണി നിര്‍മ്മിക്കാനായി സ്ഥലം വിട്ടുനല്‍കിയ സലീന കസാലി, ജമീല ബീവി എന്നിവര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ സ്ഥലത്തിന്റെ തുക കൈമാറുന്നു.

Tags