സുസ്ഥിര ക്ഷീരോല്പാദനം സമയബന്ധിതമായി നടപ്പിലാക്കും: മന്ത്രി ജെ ചിഞ്ചുറാണി

google news
ssss

തിരുവനന്തപുരം : സുസ്ഥിര ക്ഷീരോല്പാദനം എന്ന ലക്ഷ്യം കൈവരിക്കാൻ പശുക്കളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ പ്രയോഗത്തിൽ
വരുത്താനുള്ള നടപടികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സർക്കാരിന് വേണ്ടി
തിരുവനന്തപുരം ആനയറ സമേതിയിൽ മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ്, കേരള വെറ്ററിനറി ആന്റ്അനിമൽ സയ്ൻസസ് യൂണിവേഴ്സിറ്റി, ഡയറി ഡവലപ്പ്മെന്റ്  ഡിപാർട്ട്മെന്റ്, കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ, കേരള ഫീഡ്സ് എന്നിവർ ഒന്നിച്ച ശിൽപശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കുതിക്കുന്ന ഈ ഘട്ടത്തിൽ സുസ്ഥിരമായ ക്ഷീരോല്പാദനം കൈവരിക്കുന്നതിന് കാലാനുസൃതമായി എന്തൊക്കെ മാറ്റങ്ങൾ വരുത്തണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി അവ നടപ്പിലാക്കുക എന്നതാണ് ഈ സർക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മന്ത്രി ജെ. ചിഞ്ചുറാണി കൂട്ടിച്ചേർത്തു. പശുക്കളുടെ എണ്ണമല്ല ഉത്പാദനക്ഷമത കൂട്ടുകയാണ് വേണ്ടത്. കേരളത്തിലെ പശുക്കളുടെ ജനിതകപരമായുള്ള പാലുത്പാദന ക്ഷമത പൂർണ്ണമായി പ്രയോഗത്തിൽ വരുത്താൻ നമ്മുടെ കർഷകർക്ക് സാധിക്കുന്നില്ല. ഇതിന്റെ പ്രധാന കാരണങ്ങൾ കണ്ടെത്തുകയും ഒപ്പം പ്രത്യുൽപാദനക്ഷമത വർധിപ്പിക്കുന്നതിന് മുന്നിലുള്ള തടസ്സങ്ങളായ ഉയർന്ന തീറ്റ, പരിപാലനച്ചെലവ്, രോഗങ്ങൾ എന്നീ വെല്ലുവിളികളെ ഫലപ്രദമായി
നേരിടുന്നതിനും കൂടിയാണ് കെ. എൽ ഡി ബി യുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് ശില്പശാല സംഘടിപ്പിച്ചത്.

ആജീവനാന്ത ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ആരോഗ്യ സംരക്ഷണം, പ്രത്യുൽപാദന മാനേജ്മെന്റ്, ബ്രീഡിംഗ് മാനേജ്മെന്റ്, തീറ്റ ഉൾപ്പെടെയുള്ള കന്നുകാലി പരിപാലന തന്ത്രങ്ങൾ, ചെലവ് കുറഞ്ഞ സമ്പൂർണ്ണ പോഷകാഹാര രൂപവൽക്കരണം, ക്ഷീര സഹകരണ മേഖലയുടെ പരിപോഷണം, ഉൽപാദനച്ചെലവ് കുറയ്ക്കൽ, മൂല്യവർദ്ധന, ലാഭകരമായ ക്ഷീരോൽപാദന വിപണന തന്ത്രങ്ങൾ എന്നീ കാര്യങ്ങൾ ആണ് ശില്പശാലയിൽ ഉരുത്തിരിഞ്ഞു വന്നത്. ശില്പശാലയിൽ നിന്നും സംഗ്രഹിച്ച നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ മേൽ നടപടികൾക്കായി സമർപ്പിക്കും.

നെതർലാൻഡ് സ്വദേശിയും ക്ഷീരരംഗ വിദഗ്ധനുമായ ഡോ. ജാൻ മാസ്‌കെൻസും ശില്പശാലയിൽ പങ്കെടുക്കാനെത്തി അദ്ദേഹത്തിന്റെ പ്രയോഗികാനുഭവങ്ങൾ വിവരിച്ചു.കെ.എൽ.ഡി. ബോർഡിന്റെ ജീനോമിക് ലാബിന്  ലഭിച്ച NABL അക്രെഡിറ്റേഷൻ സർട്ടിഫിക്കേറ്റ്പ്രകാശനം മന്ത്രി. ശ്രീമതി. ജെ.  ചിഞ്ജുറാണി മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ്ജ്യോതിനാഥ്‌ ഐ. എ. എസിനു നൽകി നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ്ജ്യോതിനാഥ്‌ ഐ. എ. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. എൽ. ഡി. ബി എം. ഡി. ഡോ. രാജീവ്‌ സ്വാഗതം പറഞ്ഞു. മിൽമ ചെയർമാൻ കെ. എസ്. മണി, തിരുവനന്തപുരം മേഖലാ ചെയർമാൻ എൻ. ഭാസുരാംഗൻ, കേരള ഫീഡ്സ് എം. ഡി ഡോ. ബി.ശ്രീകുമാർ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ
ഡയറക്ടർ ഡോ. കെ. സിന്ധു, ഡയറക്ടർ ഓഫ് ക്ലിനിക്സ് (KVASU) ഡോ. മാധവൻ ഉണ്ണി, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ശാലിനി
ഗോപിനാഥ്, ഡോ. അനിൽ കെ. എസ്, ഡോ. അജിത്, ഡോ. കിരൺ ദാസ്, ഡോ. പ്രസാദ് എ, ഡോ. അവിനാശ് കുമാർ ആർ, ഡോ. അനുരാജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.കെ എൽ ഡി ബി ജനറൽ മാനേജർ ഡോ. ടി. സജീവ് കുമാർ നന്ദി പറഞ്ഞു.

Tags