കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ : ഉത്തരവിനെതിരായ അപ്പീലിൽ ഹൈകോടതിയിൽ ഇന്നും വാദം തുടരും
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജിയിലെ വാദം ഹൈകോടതിയിൽ വ്യാഴാഴ്ചയും തുടരും. വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള സർവകലാശാലയുടെ അധികാരത്തിലേക്ക് കടന്നു കയറുന്ന സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയും വൈസ് ചാൻസലറും നൽകിയ അപ്പീലിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ബുധനാഴ്ച വാദം കേട്ടെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
അച്ചടക്കം ലംഘിച്ചാൽ നടപടിയെടുക്കാൻ സർവകലാശാലക്ക് അധികാരമുണ്ടെന്നും ഇതിന് തടസ്സമാകുന്ന ഉത്തരവാണ് സിംഗിൾബെഞ്ചിൽ നിന്നുണ്ടായതെന്നുമായിരുന്നു സർവകലാശാലയുടെ വാദം. നടപടിയിൽ പരാതിയുണ്ടെങ്കിൽ യു.ജി.സി, സർവകലാശാല ചട്ട പ്രകാരം രൂപവത്കരിച്ച പരാതി പരിഹാര സെല്ലിനെയും ഓംബുഡ്സ്മാനെയും സമീപിക്കുകയാണ് വേണ്ടത്. ഹൈകോടതിയെ നേരിട്ട് സമീപിക്കുന്നത് അപക്വ നപടിയാണ്. ഈ സംവിധാനങ്ങൾ ഫലപ്രദമാവില്ലെന്ന സിംഗിൾ ജഡ്ജിയുടെ വിലയിരുത്തൽ ശരിയല്ലെന്നും സർവകലാശാല അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ പലർക്കുമെതിരെ മുമ്പും അച്ചടക്ക, നിയമ ലംഘന ആരോപണങ്ങളും പൊലീസ് കേസും ഉണ്ടായിട്ടുണ്ട്. അന്വേഷണ സമിതി കുറ്റക്കാരെന്ന് കണ്ടിട്ടും മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാമെന്ന് പറഞ്ഞത് ശിക്ഷാ നടപടിയായല്ല, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉറപ്പാക്കാൻ വേണ്ടിയാണെന്നും വാദിച്ചു.
സസ്പെൻഷൻ പോലുള്ള അച്ചടക്ക നടപടികൾ ബദൽ പരിഹാര മാർഗങ്ങളായി ചൂണ്ടിക്കാട്ടുന്ന സംവിധാനങ്ങളുടെ പരിധിയിൽ വരില്ലെന്നായിരുന്നു വിദ്യാർഥികളുടെ അഭിഭാഷകന്റെ വാദം. മുമ്പുണ്ടായിരുന്ന കേസുകളൊന്നും നിലവിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട നടപടികളിൽ പ്രസക്തമല്ല.
കോടതി നിർദേശിച്ചാൽ പ്രത്യേക പരീക്ഷ നടത്തുമെന്ന് സർവകലാശാല സുപ്രീംകോടതിയിൽ ഉറപ്പു നൽകിയതാണ്. അതിനാൽ, പരീക്ഷയെഴുതാനാവശ്യമായ യോഗ്യതയെക്കുറിച്ച് അപ്പീലിൽ ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും വിദ്യാർഥികൾ വാദിച്ചു. സസ്പെൻഷനെതിരെ ഹരജി നൽകിയ ട്രാൻസ് വിദ്യാർഥിയുടെ പേര് രജിസ്റ്ററിൽ ഇല്ലാത്തതിനാൽ പരീക്ഷയെഴുതാൻ യോഗ്യതയില്ലെന്ന വാദം സർവകലാശാല ഉയർത്തി.
.jpg)

