'ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടി'; മറിയക്കുട്ടിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

google news
suresh gopi


ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയെ കാണാന്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നേരിട്ടെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സന്ദര്‍ശനം. കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിച്ചിരുന്നു.

കേന്ദ്രത്തിന്റെ കാശ് എവിടെ പോകുമെന്ന് താന്‍ ചോദിക്കുമെന്ന് മറിയക്കുട്ടി സുരേഷ് ഗോപിയോട് പറഞ്ഞു. ബി.ജെ.പിയെ കുറ്റം പറഞ്ഞ് കള്ളക്കടത്ത് നടത്തുന്നു. തനിക്ക് മഞ്ഞ കാര്‍ഡ് ഇല്ല. അത് സി.പി.എം-കാര്‍ക്കുള്ളതാണ്. ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഇതുപോലെ ഒരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ല. മടുത്തിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മറിയക്കുട്ടി ആരോപിച്ചു.

പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി മറിയക്കുട്ടിയോട് പറഞ്ഞു. ഇത് പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ നല്‍കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇനിയങ്ങോട്ട് ആ രണ്ട് രൂപ നല്‍കില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കണം. ഇന്ത്യന്‍ ഓയില്‍ അടക്കമുള്ള കമ്പനികള്‍ക്ക് വിഷയം ചൂണ്ടിക്കാട്ടി കത്തെഴുതണം. ഈ സര്‍ക്കാര്‍ വിശ്വസിക്കാനാവില്ലെന്ന് വ്യക്തമാക്കണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ കാലതാമസം വന്നതിനെത്തുടര്‍ന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയില്‍ ഭിക്ഷയാചിച്ച് സമരം ചെയ്തത്.


 

Tags