'ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവും' : സുരേഷ് ഗോപി

suresh gopi
suresh gopi

ന്യൂഡൽഹി: ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാവണം. ആദിവാസി വകുപ്പ് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിരവധി തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ബ്രാഹ്മണനോ, നായിഡുവോ വകുപ്പ് കൈകാര്യം ചെയ്യട്ടെ. ഗോത്രകാര്യ വകുപ്പ് ആദിവാസികൾ തന്നെ കൈകാര്യം ചെയ്യുന്നതെന്ന് ഒരു ശാപമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയും വിവാദമായിരുന്നു. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ ബജറ്റിൽ സഹായം ലഭിക്കുമെന്നായിരുന്നു കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയായ ജോർജ് കുര്യന്റെ പ്രതികരണം.

പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നോക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമീഷന്‍ പരിശോധിക്കും. പരിശോധിച്ചുകഴിഞ്ഞാല്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ സർക്കാർ അല്ലല്ലോയെന്നായിരുന്നു ജോർജ് കുര്യന്റെ പ്രസ്താവന.
 

Tags

News Hub