നിതിൻ രാജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി സുരേഷ് ഗോപി എംപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മരണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചുവെന്നും എന്നാൽ അന്വേഷണത്തിലെ കണ്ടെത്തലുകളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നാളെ ഗവർണറെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും കൂടുതൽ നടപടികൾ ബിജെപി സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ, ജാതി അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തി കോളേജിലെ അധ്യാപകരായ ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിതിൻ നേരിട്ടിരുന്ന കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും ശരിവെക്കുന്ന ശബ്ദരേഖകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ്റ്റാഫ് റൂം പോലും പീഡനമുറിയായി മാറിയെന്നും അധ്യാപകർ ശാരീരികമായി അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ശബ്ദരേഖയിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും നിതിന്റെ കുടുംബത്തെ സന്ദർശിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കോളേജിലെ റാഗിംഗ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സംഘം ഉടൻ തിരുവനന്തപുരത്തേക്ക് തിരിക്കും. കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
.jpg)

