കേരളത്തിലേക്ക് എയിംസ് അനുവദിക്കാതിരിക്കാനാണ് സുരേഷ് ഗോപി ബോധപൂർവ്വം ശ്രമിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

Suresh Gopi is deliberately trying to prevent AIIMS from being allowed in Kerala, says Health Minister K. Muraleedharan

പാലക്കാട്: കേരളത്തിന് എയിംസ് അനുവദിക്കുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. കേരളത്തിലേക്ക് എയിംസ് അനുവദിക്കാതിരിക്കാനാണ് സുരേഷ് ഗോപി ബോധപൂർവ്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം പാലക്കാട്ട് ആരോപിച്ചു. സംസ്ഥാനത്ത് എവിടെ എയിംസ് അനുവദിച്ചാലും സർക്കാർ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് എയിംസ് അനുവദിക്കാൻ നിലവിൽ തീരുമാനമില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത ഹൈക്കോടതിയുടെ നടപടി കേരളത്തിന്റെ പൊതുവികാരമാണ് പ്രതിഫലിപ്പിക്കുന്നത്. ഹൈക്കോടതിയിലെ തുടർനടപടികൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം എയിംസ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് വിശദമായ കത്തയക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രസ്താവനകളെ പരിഹസിച്ച മന്ത്രി, ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം ബിജെപി മൂന്നാം സ്ഥാനത്തായിരുന്നുവെന്നും, അതുകൊണ്ടാണ് ഇനി വോട്ട് ചോദിച്ച് തൃശൂരിലേക്ക് ഇല്ലെന്ന് അദ്ദേഹം പറയുന്നതെന്നും കുറ്റപ്പെടുത്തി.പരിയാരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്നും താൻ ചുമതലയേറ്റ ശേഷം അവിടത്തെ ഡോക്ടർമാരെ മാറ്റിയിട്ടില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന പരാതി പരിഹരിച്ചപ്പോൾ ചികിത്സയില്ലെന്നായി, ഇപ്പോൾ ജീവനക്കാരില്ലെന്നാണ് ആക്ഷേപം. ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില മരുന്ന് കമ്പനികളും ഏതാനും ഉദ്യോഗസ്ഥരുമാണ്. അവരുടെ തന്ത്രങ്ങൾ വിലപ്പോവില്ലെന്നും ആശുപത്രികളിലെ പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിച്ചുവരികയാണെന്നും മന്ത്രി അവകാശപ്പെട്ടു . വിഷയം നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കപ്പെടുമ്പോൾ കൃത്യമായ മറുപടി നൽകും. കൂടാതെ, വ്യാജ വോട്ടർമാരെ ചേർത്തതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ നടക്കുന്നത് ശക്തമായ ജനകീയ മുന്നേറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags