‘ലോകത്ത് മറ്റൊരു രാജ്യവും ഇത്രയും വിലകുറച്ച് പാചകവാതകം വിൽക്കുന്നില്ല’ ; സുരേഷ് ഗോപി

In memory of his daughter Lakshmi; Suresh Gopi announces Rs 1 lakh each to the families of those who died in Mundathikode

 കൊല്ലം: പാചകവാതക വിലയും ഇന്ധനവില വർധനയും നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിക്കുന്നുവെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. ലോകത്ത് മറ്റൊരു രാജ്യവും ഇത്രയും വിലകുറച്ച് പാചകവാതകം വിൽക്കുന്നില്ലെന്നാണ് മന്ത്രിയുടെ വാദം. യുദ്ധത്തിന് മുൻപ് നാല് അംഗങ്ങളുള്ള ഒരു വീട്ടിൽ ദിവസം കുറഞ്ഞത് ഒമ്പത് രൂപയുടെ പാചകവാതകം കത്തിച്ചിരുന്നുവെന്നും ഇത്രയും കുറഞ്ഞ നിരക്കിൽ മറ്റൊരു ഉൽപന്നവും ലഭിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ മാത്രം ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയുടെ വില ഉയരുന്നതിന് ഇന്ധനവിലയുമായി എന്താണ് ബന്ധമെന്നും മന്ത്രി ചോദിച്ചു. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയർന്നതിന് യുദ്ധത്തിനോ പെട്രോളിയം മന്ത്രാലയത്തിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയിൽ ഏത് വിലയ്ക്കാണോ ക്രൂഡോയിൽ വാങ്ങുന്നത്, അതിന് ആനുപാതികമായാണ് രാജ്യത്തെ ഇന്ധനവില നിശ്ചയിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, തൃശൂർ പുലിക്കളി സംഘാംഗങ്ങളെക്കുറിച്ച് നടൻ വി.കെ. ശ്രീരാമൻ നടത്തിയ പരാമർശം തന്നെ വേദനിപ്പിച്ചതായും സുരേഷ് ഗോപി പ്രതികരിച്ചു. പുലിക്കളി സംഘത്തെ പ്രത്യേക വിഭാഗമായി തന്നെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ അഞ്ചുമണി മുതൽ ഇനാമൽ പെയിന്റടിച്ച് വെയിലത്ത് നിൽക്കുന്ന കലാകാരന്മാരാണ് പുലിക്കളി സംഘത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് മറ്റൊരിടത്തും ഇത്രയും മഹത്തായ കലാരൂപമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ അഭിപ്രായം. ഇന്ധനവിലയും പാചകവാതക വിലയും സംബന്ധിച്ച ചോദ്യത്തിനൊപ്പം കേരളത്തിന്റെ തനത് കലാരൂപമായ പുലിക്കളിയെക്കുറിച്ചും മന്ത്രി നടത്തിയ പരാമർശം ഇതോടെ ശ്രദ്ധ നേടുകയാണ്.

Tags