'ഈ അമ്മയെ ഞാനിങ് എടുക്കുവാ, എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍'; നവതി നാളിൽ ശാരദ ടീച്ചറെ ചേർത്തുപിടിച്ച് സുരേഷ് ഗോപി

Suresh Gopi came to EK Nayanar wife Sarada teacher Navathi celebration
Suresh Gopi came to EK Nayanar wife Sarada teacher Navathi celebration

കണ്ണൂര്‍: മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ നവതി ആഘോഷത്തിലെത്തി  വേദിയെ കൈയിലെടുത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയ പ്രവര്‍ത്തകനോ മന്ത്രിയോ സിനിമാ നടനോ ആയിട്ട താനിവിടെ നിൽക്കുന്നതെന്നും ശാരദാമ്മയുടെ മൂത്തമകനായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ രാധികയ്ക്കും മകൻ ഗോകുലിനുമൊപ്പമായിരുന്നു നവതിയാഘോഷത്തിൽ പങ്കെടുക്കാൻ സുരേഷ് ഗോപി എത്തിയത്.

tRootC1469263">

‘എന്റെ അച്ഛനാണ് എനിക്ക് ഏറ്റവും പരിചയമുള്ള അച്ഛന്‍. ആ അച്ഛന്‍ എങ്ങനെ ആയിരുന്നവോ, അതിന്റെ ഒരപ്പപ്പൂനച്ഛൻ ആയിരുന്നു സഖാവ് നായനാര്‍. ഒരമ്മയുടെ ഉത്തരവാദിത്തമെന്നത് ശാരദാമ്മയെ സംബന്ധിച്ച് ഒരുപാട് പേരുടെ, സ്വന്തവും ബന്ധവും അല്ലാത്ത നിരവധിപേരുടെ അമ്മയായി വര്‍ത്തിച്ചുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാന്‍ തന്നെയാണ്. ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തകനോ മന്ത്രിയോ സിനിമാ നടനോ ആയിട്ടല്ല. 

Former Chief Minister EK Nayanar wife Sarada Teacher celebrate Navathi

ഇതുപോലെ കല്യാശേരിയിലെ വിട്ടീലെത്തിയാല്‍ ഒന്നുവാരിപ്പുണര്‍ന്ന് അനുഗ്രഹം വാങ്ങും. ഈ വേദിയില്‍ എനിക്ക് അമ്മയുടെ മൂത്തസന്താനത്തിന്റെ സ്ഥാനമാണ് ഞാന്‍ എടുത്തിരുക്കുന്നത്. അങ്ങനെയേ എനിക്ക് പറയുവാന്‍ സാധിക്കു. ഈ അമ്മയെ ഞാനിങ് എടുക്കുവാ, എന്ന് പറയാതെ എടുത്ത മകനാണ് ഞാന്‍. അത് ശാരദാമ്മയുടെ മറ്റ് മക്കളും അംഗീകരിച്ചതാണ്’ എന്നും സുരേഷ് ഗോപി പറഞ്ഞു.

നായനാരും കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചും വേദിയിൽ അദ്ദേഹം വാചാലനായി. ‘92 മുതലാണ് സഖാവുമായി ബന്ധം തുടരുന്നത്. അദ്ദേഹം തിരുവനന്തപുരം ആശുപത്രിയില്‍ ചുമബാധിച്ച് കിടക്കുമ്പോള്‍ ലീഡര്‍ പറഞ്ഞ് അറിഞ്ഞാണ് ഞാന്‍ അവിടെ എത്തുന്നത്. അന്ന് അമ്മ അടുത്തുണ്ട്. അന്ന് മഹാഭാരതം അവലോകനം ചെയ്ത് ഏറെ നേരം സംസാരിച്ചു. എന്നിട്ട് എന്റെ കൃഷ്ണനെ കളിയാക്കി പറഞ്ഞുകൊണ്ട് തന്റെ കൃഷ്ണനുണ്ടല്ലോടോ അവനാ ഈ ലോകത്തെ ഏറ്റവും വലിയ കള്ളന്‍. 

കൗരവന്‍മാര്‍ക്ക് പണികൊടുത്ത പെരുങ്കള്ളനാ എന്ന് പറഞ്ഞു. അപ്പോള്‍ കൃഷ്ണകുമാറിന്റെ മകന്റെ ചോറൂണിന്റെ ഫോട്ടോ ഞാന്‍ കണ്ടെന്ന് പറഞ്ഞപ്പോള്‍ അന്ന് കണ്ണ് നിറഞ്ഞ സഖാവിനെ കണ്ടു. ആരുടെയും മുന്നില്‍ കണ്ണുനിറയുന്നയാളല്ല സഖാവ്. അത്ര കരുത്തനായിരുന്നു’ - സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi came to EK Nayanar wife Sarada teacher Navathi celebration

നാല് തലമുറകൾക്കൊപ്പം ആയിരുന്നു ടീച്ചറുടെ പിറന്നാളാഘോഷം.  ധർമ്മശാല പാർഥ കൺവെൻഷൻ സെൻ്ററിൽ നടന്ന ആഘോഷത്തിൽ 
കുടുംബാംഗങ്ങൾക്ക് പുറമെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് പങ്കെടുത്തത്. സ്വാഗത ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ ശാരദ ടീച്ചറെ കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. നായനാരുടെ മകൻ കൃഷ്ണകുമാർ ആമുഖഭാഷണം നടത്തി. ആശംസകൾ നേരാനെത്തിയ പ്രമുഖരും കുടുംബാംഗങ്ങളും ചേർന്ന് കേക്ക് മുറിച്ചു. 

തുടർന്ന് ശാരദ ടീച്ചർ തന്നെ മക്കളെയും മരുമക്കളെയും കൊച്ചു മക്കളെയും സദസ്സിന് പരിചയപ്പെടുത്തി. ഒപ്പം താൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണെന്നും നായനാരുടെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് മക്കളും കൊച്ചുമക്കളും ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ശാരദ ടീച്ചർ പറഞ്ഞു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് നേതാവ് വി എം സുധീരൻ, എം.വി നികേഷ് കുമാർ എന്നിവരും ശാരദ ടീച്ചർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ഇ.പി ജയരാജൻ, ഭാര്യ ഇന്ദിര, പികെ ശ്രീമതി ടീച്ചർ, സ്പീക്കർ എ എൻ ഷംസീർ , രാജ് മോഹൻ ഉണ്ണിത്താൻ,സി.എൻ ചന്ദ്രൻ, കെ.വി സുമേഷ്, എം.വിജിൻ,ഷിബു ബേബി ജോൺ, പി.ശശി, കെ.പി മോഹനൻ, സി.കെ പത്മനാഭൻ, എ വിജയകുമാർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, കൊടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി, ടി.വി രാജേഷ്, 
തുടങ്ങിയവരും ആശംസകൾ നേരുകയും ടീച്ചറെ പെന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

Tags