എയിംസ് തൃശൂരിൽ സ്ഥാപിക്കാൻ കാർഷിക സർവകലാശാലാ ക്യാംപസിലെ സ്ഥലം വിട്ടുനൽകണം; സംസ്ഥാന സർക്കാരിനെതിരെ സുരേഷ് ഗോപി

Suresh Gopi against the state government for giving up land on the Agricultural University campus to establish AIIMS in Thrissur

തൃശൂർ: കേരളത്തിന് അനുവദിക്കുന്ന എയിംസ് (AIIMS) തൃശൂരിൽ തന്നെ സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനായി തുടർന്നും പരിശ്രമിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ എയിംസിനായി ഏറ്റവും അനുയോജ്യമായ കണ്ണായ സ്ഥലം കേരള കാർഷിക സർവകലാശാലാ ക്യാംപസിലുണ്ട്. കൊരട്ടിയേക്കാൾ മികച്ച സ്ഥലമാണിതെന്നും എന്നാൽ ഇത് വിട്ടുനൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത മുൻ മുഖ്യമന്ത്രിക്ക് ശേഷം പുതിയ മുഖ്യമന്ത്രി അധികാരത്തിൽ വന്നിട്ടും സ്ഥലമെടുപ്പിന്റെ കാര്യത്തിൽ യാതൊരു തീരുമാനവും ഉണ്ടാകുന്നില്ലെന്ന് സുരേഷ് ഗോപി വിമർശിച്ചു. വിഷയത്തിൽ സർക്കാരിന് രാഷ്ട്രീയമായ ചാഞ്ചല്യങ്ങൾ ഉണ്ടോ എന്ന് സംശയിച്ചുപോകുന്നു. 2015-ൽ വിഭാവനം ചെയ്ത് 2016-ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം കശ്മീരിൽ പോലും ഗവർണറുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായി എയിംസ് നിർമ്മാണം ആരംഭിച്ചു. സമാനമായ ഇച്ഛാശക്തി കേരളത്തിലുണ്ടായിരുന്നെങ്കിൽ ഇവിടെയും എയിംസ് എന്നേ യാഥാർത്ഥ്യമായേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സ്ഥലം ഇതാ, പദ്ധതി കൊണ്ടുവരൂ' എന്ന് കേന്ദ്രത്തോട് പറയാനുള്ള ആർജ്ജവമുള്ള സർക്കാരാണ് ഇവിടെ ഉണ്ടാകേണ്ടതെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തൃശൂരിന് എയിംസ് ലഭിച്ചില്ലെങ്കിൽ അതിന്റെ പേരിലുള്ള പരാതികൾ ഉന്നയിക്കേണ്ടത് തന്നോടല്ല, മറിച്ച് സ്ഥലം നൽകാത്ത കേരള സർക്കാരിനോടാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags