പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച കേരള മാതൃകയ്ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം

Supreme Court commends Kerala for installing CCTV cameras in police stations

 ന്യൂഡല്‍ഹി: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചതിന്  കേരള  സുപ്രീം കോടതിയുടെ അഭിനന്ദനം.  മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഈ 'കേരള മോഡല്‍' മാതൃകയാക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേരളത്തെ പ്രത്യേകമായി  പ്രശംസിച്ചത്.

രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുന്നതിനുള്ള വലിയൊരു ചുവടുവെപ്പായാണ് കേരളത്തിന്റെ ഈ പ്രവര്‍ത്തനത്തെ കോടതി വിലയിരുത്തിയത്. കസ്റ്റഡി മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സുപ്രീംകോടതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ പുരോഗതി വിലയിരുത്താന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചപ്പോഴാണ് കേരളം ഇതില്‍ വലിയ മുന്നേറ്റം നടത്തിയതായി വ്യക്തമായത്.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട് കോടതി പ്രത്യേകം പരാമര്‍ശിച്ചു. ജാര്‍ഖണ്ഡ് അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ സംവിധാനം നടപ്പിലാക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരള പൊലീസിനെയും നിര്‍ദേശം നടപ്പിലാക്കിയ കേരള സര്‍ക്കാരിനെയും അഭിനന്ദിച്ചു.

Tags