ഏപ്രില്‍ 1 മുതല്‍ 14 വരെ ഈസ്റ്റർ-വിഷു ഫെയറുമായി സപ്ലൈകോ

supplyco

16 അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ വിഷുക്കണി പ്രത്യേക കിറ്റ് 1250 രൂപ വിലയുള്ളത് 1001 രൂപയ്ക്ക് ലഭ്യമാക്കും.

തിരുവനന്തപുരം: സപ്ലൈകോ സംസ്ഥാനത്താകമാനം ഈസ്റ്റർ-വിഷു ഫെയറുകള്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 14 വരെയാണ് ഫെയർ നടക്കുന്നത്.മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള സപ്ലൈകോയുടെ മറ്റ് വില്പനശാലകളെല്ലാം ഈ കാലയളവില്‍ ഈസ്റ്റർ-വിഷു ഫെയറുകളായി പ്രവർത്തിക്കും.

വിഷുവിനോടനുബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 16 അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ വിഷുക്കണി പ്രത്യേക കിറ്റ് 1250 രൂപ വിലയുള്ളത് 1001 രൂപയ്ക്ക് ലഭ്യമാക്കും.

പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/പാലട) പായസം മിക്സ്, പായസക്കൂട്ട്, മില്‍മ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോള്‍ഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ ബങ്കുകള്‍, എല്‍പിജി ഔട്ട്ലെറ്റുകള്‍ ഒഴികെയുള്ള വില്പനശാലകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണ്‍ നല്‍കും. ഈ കൂപ്പണ്‍ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലയില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുമ്പോള്‍ റിഡീം ചെയ്യാവുന്നതാണ്.വിഷു ആഘോഷങ്ങളെ മുൻനിർത്തി വിലക്കുറവും പ്രത്യേക ഓഫറുകളും ഒരുക്കിയുള്ള ഈ മേളകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു

Tags